ജോണ്സണ് വേങ്ങത്തടം
കൊച്ചി: പാലാ സീറ്റിന്റെ പേരില്‍ മാണി സി. കാപ്പന് എന്‍സിപി വിട്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ അസ്വരാസ്യം കെട്ടടങ്ങുന്നില്ല.
ഏഴു പ്രാവശ്യം മത്സരിച്ച മന്ത്രി എ.കെ. ശശീന്ദ്രനെതിരേ കാപ്പന് അനുകൂലികളായ ഒരു വിഭാഗവും ശശീന്ദ്രന് വിരുദ്ധ ഗ്രൂപ്പും സംയുക്തമായി പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞു.
കോഴിക്കോട് ജില്ലാ കമ്മിറ്റി തുടങ്ങി വച്ച വിമര്‍ശനങ്ങളും ആരോപണങ്ങളും പോഷകസംഘടനകളും ഏറ്റെടുത്തതോടെ നാളെ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന എക്സിക്യൂട്ട് യോഗം നിര്‍ണായകമാകും.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ശശീന്ദ്രനെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട സംസ്ഥാന ഭാരവാഹിയായ ജയനെ പുറത്താക്കിയിരുന്നു.
എന്നാല്‍ നാളെ നടക്കുന്ന യോഗത്തില്‍ ഇതേ ആവശ്യം ഉന്നയിച്ചു കോഴിക്കോട് ജില്ലാ കമ്മിറ്റിയും പോഷകസംഘടനഭാരവാഹികളും രംഗത്തു വരും.
നാളെ നടക്കുന്ന യോഗത്തില്‍ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, എക്സിക്യൂട്ട് അംഗങ്ങള്‍, ജില്ലാ കമ്മിറ്റി പ്രസിഡന്റുമാര്‍, പോഷകസംഘടന ഭാരവാഹികള്‍ തുടങ്ങിയവരുടെ വിപുലമായ യോഗമാണ് ചേരുന്നത്. സ്ഥാനാര്‍ഥിത്വം തന്നെയാണ് മുഖ്യ അജണ്ട.
104 പേരാണ് സംസ്ഥാന എകസിക്യൂട്ടീവുള്ളത്. ഇതില്‍ ഒരു വിഭാഗം 30 ഓളം പേര് മാണി സി. കാപ്പന്റെ കൂടെ പോയി.
ബാക്കിയുള്ളവരില്‍ 40 ഓളം പേര് ശശീന്ദ്രനെതിരേ ശക്തമായ നിലപാടെടുക്കാനാണ് സാധ്യത. പോഷകസംഘടന ഭാരവാഹികളും നാലോളംജില്ലാ പ്രസിഡന്റുമാരും പുതിയ ആളുകളെ സ്ഥാനാര്‍ഥിയാക്കണമെന്ന അവശ്യം ഉന്നയിക്കുന്നവരാണ്.
ഏകപക്ഷീയമായി ഏ.കെ.ശശീന്ദ്രനെ പ്രഖ്യാപിച്ചാലും കേന്ദ്ര കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതെന്നും കേന്ദ്രത്തെ വിശ്വാസമുണ്ടെന്നും ശശീന്ദ്രന് വിരുദ്ധ ഗ്രൂപ്പ് വ്യക്തമാക്കുന്നു.
തുടര്‍ച്ചയായി എലത്തൂരില്‍ മത്സരിച്ച എ.കെ. ശശീന്ദ്രനെ ഇത്തവണ ഈ മണ്ഡലത്തില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ ഘടകം തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ശശീന്ദ്രന് പകരം ഈ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനായി മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും ജില്ലാ നേതൃത്വം മുന്നോട്ടുവെച്ചിട്ടുള്ള അഭിപ്രായം.
എന്‍സിപി സ്ഥിരമായി എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുന്ന എലത്തൂര്‍ മണ്ഡലം സിപിഎമ്മിന് നല്കി പകരം കുന്ദമംഗലം മതിയെന്ന് എന്‍സിപി ജില്ലാ ഘടകം തന്നെ സിപിഎം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.