തിരുവനന്തപുരം: പീഡനപരാതി ഒതുക്കാൻ ശ്രമിച്ചെന്ന വിവാദത്തെ തുടർന്ന് എൻസിപി നേതാവും വനം മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൌസിൽ കൂടിക്കാഴ്ച നടത്തി.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ തന്റെ നിലപാട് എ.കെ.ശശീന്ദ്രൻ ഫോണിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോടു പറഞ്ഞത്. രാജിയുടെ ആവശ്യമില്ലെന്നും ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.
പരാതിപ്പെടാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനെ പുറത്താക്കിയ സിപിഎം ശശീന്ദ്രന്റെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഈ വിഷയത്തിൽ സിപിഎം ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ശശീന്ദ്രന് പൂർണപിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.