തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്യജീവി പ്രശ്നം പ്രചാരണ വിഷയമാകില്ലെന്നും ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും വനംവ മന്ത്രി എ.കെ. ശശീന്ദ്രന്. സംസ്ഥാനത്ത് 150% വനവിസ്തൃതി വര്‍ധിച്ചു. അതിനാല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണവും കൂട്ടാനുള്ള ശിപാര്‍ശ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അരിക്കൊമ്പന് പ്രശ്നങ്ങളൊന്നുമില്ലാതെ കാട്ടില്‍ സസുഖം ജീവിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ആനയെ സംബന്ധിച്ച് തമിഴ്നാട് കൃത്യമായി വിവരം നല്‍കുന്നുണ്ട്. സ്ത്രീകള്‍ അടക്കം നിരവധി ആളുകള്‍ അരിക്കൊമ്പന്റെ വിശേഷങ്ങള്‍ അറിയാന്‍ വനംവകുപ്പിനെ ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പടയപ്പയേയും ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നത് ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക ടീമിനെ അയച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ശ്രമവും പരാജയപ്പെട്ടാല്‍ മാത്രമേ മയക്കുവെടി വയ്ക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാട്ടുപ്പെട്ടിയില്‍ പടയപ്പ ഇന്നും ജനവാസ മേഖലയിലെത്തി. വഴിയോരത്തെ കടകള്‍ തകര്‍ത്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ആന ജനവാസ മേഖലയില്‍ ഇറങ്ങുന്നത്.