കോഴിക്കോട്: ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ക്ഷേത്രം കമ്മിറ്റിയെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുന്നതില് ആലോചന നടത്തുമെന്നും മന്ത്രി പ്രതികരിച്ചു.
കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ അപകടസ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാടിനെ ഞെട്ടിച്ച വലിയ ദുരന്തമാണ് കൊയിലാണ്ടി കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉണ്ടായത്.
സംഭവം അറിഞ്ഞ ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടത്തിന്റെ മേധാവികളും പോലീസുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെന്ന് മന്ത്രി പറഞ്ഞു.
നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നാണ് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.
വെടിക്കെട്ടുമായി ബന്ധപ്പെട്ട് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നിയമപരമായി മുന്നോട്ട് പോകണം. ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജന് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.