തിരുവനന്തപുരം: ഫോൺ കെണി വിവാദത്തിൽ കുടുങ്ങി രാജിവച്ച എ.കെ.ശശീന്ദ്രനു മന്ത്രിസ്ഥാനം തിരികെ നൽകുന്നതു സംബന്ധിച്ച് പൊതുവികാരത്തിനൊപ്പം നിൽക്കാൻ സിപിഎമ്മിൽ ധാരണ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം എൽഡിഎഫ് തീരുമാനമെടുക്കട്ടെയെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. എൽഡിഎഫ് യോഗത്തിൽ പൊതുവികാരത്തിനൊപ്പം നിൽക്കാനാണ് തീരുമാനം.
നേരത്തെ ശശീന്ദ്രൻ വിഷയവുമായി ബന്ധപ്പെട്ട് എൽഡിഎഫിലെ മറ്റു നേതാക്കളുമായി ഉടൻ ചർച്ച നടത്തുമെന്നും രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും വൈക്കം വിശ്വൻ പറഞ്ഞിരുന്നു. ശശീന്ദ്രനു മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതിനു തടസമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.
ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്ന ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതോടെയാണു മടങ്ങിവരവിനു വഴി തെളിഞ്ഞത്. ഹൈക്കോടതിയിലെ കേസിലും അനുകൂല തീരുമാനമുണ്ടായാല്‍ അടുത്ത ഇടതുമുന്നണി യോഗം ശശീന്ദ്രന് അനുമതി നല്‍കും. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അനുകൂലമായതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുമെന്ന് എൻസിപി അറിയിച്ചിരുന്നു. മന്ത്രിയില്ലാതിരിക്കുക എന്ന സാഹചര്യം ഏതുവിധേനയും ഒഴിവാക്കണമെന്നാണ് എൻസിപി ദേശീയ നേതൃത്വത്തിന്റെയും താൽപര്യം.