വടകര: പൊതുജനങ്ങൾ പോലീസുമായും പോലീസ് ജനങ്ങളുമായും സഹകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ ജനമൈത്രി പോലീസ് സംവിധാനം സമൂഹത്തിന് മുതൽക്കൂട്ടാവുകയുള്ളുവെന്ന് ഗതഗാത മന്ത്രി എ.കെ.ശശീന്ദ്രൻ. കോഴിക്കോട് റൂറൽ ജില്ലയിലെ എല്ലാ സ്റ്റേഷനിലും ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം വടകരയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാന രംഗത്ത് ശുഷ്കാന്തിയോടെ പ്രവർത്തിക്കേണ്ട പോലീസ് എല്ലാകാലവും വിമർശനത്തിന് വിധേയമാവുകയാണ്. എന്ത് സംഭവിച്ചാലും പ്രതി പോലീസാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. പോലീസിനെ മർദ്ദന ഉപാധിയായി ബ്രിട്ടീഷുകാർ ഉപയോഗിച്ച അപരിഷ്കൃത രീതിയാണ് ഇപ്പോഴും പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ സുഹൃത്തുക്കളും സഹായികളായും പോലീസിനെ മാറ്റാൻ കഴിയണം. എന്നാൽ മാത്രമെ പോലീസും ജനങ്ങളും തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കാൻ കഴിയൂ. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യത പോലീസിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സി.കെ.നാണു എംഎൽഎ അധ്യക്ഷത വഹിച്ചു.
റൂറൽ എസ്പി എം.കെ.പുഷ്കരൻ, ഡിവൈഎസ്പി കെ.സുദർശൻ, ഇ.കെ.വിജയൻ എംഎൽഎ, നഗരസഭ ചെയർമാൻ കെ.ശ്രീധരൻ, ആർടിഒ ടി.സി.വിനീഷ്, അസി.എക്സൈസ് കമ്മീഷണർ ജോസഫ്, ഡിഇഒ സി.ഐ.വത്സല, വാർഡ് കൗണ്‍സിലർ എ.പ്രേമകുമാരി, എം.എം.സുദർശനകുമാർ, എ.വിജയൻ എന്നിവർ സംസാരിച്ചു.