കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന സംഭവങ്ങള്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍. വനം വകുപ്പിനും അതുവഴി സര്‍ക്കാരിനുമെതിരേ ശക്തമായ ജനവികാരമാണ് ഉയരുന്നത്.
കാട്ടാന ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ കേസും തുടര്‍ നടപടികളുമായി ആഭ്യന്തരവകുപ്പ് രംഗത്തെത്തിയത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമായി.കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തില്‍ നൂറുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
രാഹുല്‍ഗാന്ധി ഉള്‍പ്പെടെ വയനാട്ടില്‍ എത്തിയതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കാട്ടാന ആക്രമണവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും കൈാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന വികാരമാണ് പൊതുവേയുള്ളത്.ഇതിനിടയിലാണ് പ്രതിഷേധക്കാര്‍ക്കുനേരേ കേസ് എടുക്കാനുള്ള പോലീസ് തീരുമാനവും വന്നിരിക്കുന്നത്. നിലവില്‍ കേസുമായി മുന്നോട്ടുപോകാനുള്ള നിര്‍ദേശമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
ശനിയാഴ്ച വയനാട്ടിൽ നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പുൽപള്ളി പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. വനം വകുപ്പിന്റെ വാഹനം തകർത്തതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.വനംവകുപ്പിന്റെ വാഹനം ആക്രമിച്ച് തകർക്കൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ, മൃതദേഹം തടയൽ, ഉദ്യോഗസ്ഥരെ കല്ലെറിയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
വന്യജീവി ആക്രമണങ്ങളിൽ വയനാട്ടിൽ ജീവൻ പൊലിയുമ്പോഴും വനംമന്ത്രി എ.കെ. ശശീന്ദ്രൻ ജില്ലയിലേക്ക് പോകുകയോ, മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യാത്തത് കടുത്ത വിമര്‍ശനമുയര്‍ത്തുന്നതിനിടെയാണ് കേസുകളുമെന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
വയനാട്ടില്‍ മന്ത്രി എത്തിയാല്‍ കടുത്ത പ്രതിഷേധമുണ്ടാകുമെന്നും അക്രമം ഉണ്ടാകുമെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിനു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതുകൊണ്ടുകൂടിയാണ് മന്ത്രി ചുരം കയറാത്തതെന്നാണ് റിപ്പോർട്ട്. അടുത്തുതന്നെ പ്രത്യേക മന്ത്രിതലസംഘം വയനാട് സന്ദര്‍ശിക്കുന്നുണ്ട്. ഇതില്‍ വനം മന്ത്രിയും ഉണ്ടാകും.
സ്വന്തം ലേഖകന്‍