കോഴിക്കോട്: മന്ത്രി എ.കെ.ശശീന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ എന്‍സിപിയില്‍ പ്രതിഷേധം നീറി പുകയുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍സിപി കോഴിക്കോട് ജില്ലാ കമ്മറ്റിയോഗത്തില്‍ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് നടന്നത്.
ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച എലത്തൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശശീന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
‘എല്‍ഡിഎഫ് വരണം. അതിന് എ.കെ. ശശീന്ദ്രന് മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം.
“എലത്തൂരില്‍ യുവാക്കളെ പരിഗണിക്കുക. ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്.
ഫോണ്‍ വിളി വിവാദം എലത്തൂരിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് അവസരം കൊടുക്കരുത്. 27 വര്‍ഷം എംഎല്‍എയും ഒരു ടേം മന്ത്രിയുമായ ശശീന്ദ്രൻ മത്സര രംഗത്ത് നിന്നും പിന്മാറുക.
മന്ത്രിപ്പണി കുത്തകയാക്കരുത്’തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിട്ടുള്ളത്.
സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. പോസ്റ്റര്‍ പതിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ പുതുമുഖങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതാവ് പ്രഫുല്‍ പട്ടേലിന് കത്തയച്ചു.