കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്തത് 12 മണിക്കൂറോളം.
ഇന്നലെ രാവിലെ 11ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ഓഫീസില്‍ ഹാജരായ തില്ലങ്കേരിയെ രാത്രി 11 ഓടെയാണ് വിട്ടയച്ചത്.
സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്ത അര്ജുന് ആയങ്കിയുമായി തില്ലങ്കേരിക്കു ബന്ധമുണ്ടെന്ന മറ്റു പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.
പ്രത്യേക ചോദ്യാവലി തയാറാക്കിയാണു അധികൃതര്‍ ചോദ്യം ചെയ്തതെന്നാണു വിവരം.
കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പരോളില്‍ കഴിയുകയാണു തില്ലങ്കേരി.
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണം തട്ടിയെടുക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളുമായി ആകാശ് തില്ലങ്കേരിയ്ക്കു ബന്ധമുണ്ടെന്നാണു കസ്റ്റംസിന്റെ സംശയം.
എന്നാല്‍, ചെയ്യാത്ത കുറ്റം താന്‍ ഏറ്റെടുക്കില്ലെന്നു ആകാശ് തില്ലങ്കേരി കസ്റ്റംസിനെ അറിയിച്ചതായാണു പുറത്തുവരുന്ന വിവരങ്ങള്‍. അര്ജുന് ആയങ്കിയുമായി പാര്‍ട്ടിക്കാരനെന്ന നിലയില്‍ മാത്രമായിരുന്നു ബന്ധം.
അര്‍ജുന്റെ സ്വര്‍ണക്കടത്ത് ബന്ധം അറിഞ്ഞത് അവസാനഘട്ടത്തില്‍മാത്രമാണ്. തന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നത് വളരെ വൈകിയാണ് അറിഞ്ഞതെന്നുമാണു ഇയാള്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതെന്നാണു വിവരങ്ങള്‍.
അതിനിടെ, ഇയാളുടെ മൊഴിയും ഫോണ്‍ വിളികളും അധികൃതര്‍ പരിശോധിച്ചുവരികയാണ്. മുഹമ്മദ് ഷാഫി, കൊടി സുനി എന്നിവരുമായിട്ടുള്ള ബന്ധത്തെ കുറിച്ചും കസ്റ്റംസ് ചോദിച്ചറിഞ്ഞതായാണു സൂചന.
ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമാണുള്ളതെന്നും സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ നടത്തിയിട്ടില്ല എന്നുമാണു ടിപി കേസില്‍ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഷാഫി പറഞ്ഞിരുന്നത്.
ആകാശുമായി ഫേസ്ബുക്ക് ബന്ധം മാത്രമാണ് ഉള്ളതെന്നും തന്റെ വിവാഹത്തിന് ആകാശ് വന്നിരുന്നെന്നും ഷാഫി പറഞ്ഞിരുന്നു.
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയും ഷാഫിയുമടക്കമുള്ളവര്‍ ജയിലിനകത്തും പുറത്തുമായി ആകാശ് തില്ലങ്കേരിയേയും അര്ജ്ജുന് ആയങ്കിയേയും നിയന്ത്രിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ സംഘങ്ങളുമായി സെല്‍ഫി എടുത്ത ബന്ധം മാത്രമേ ഉള്ളു എന്നാണ് ഷാഫി പറഞ്ഞത്. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി കടത്തിയ സ്വര്‍ണം തട്ടിയെടുത്ത പല സംഭവങ്ങളിലും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു പങ്കുണ്ടെന്നു കസ്റ്റംസിനു സൂചന കിട്ടിയിട്ടുണ്ട്.
അതിനിടെ, കൊടി സുനിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം ഉടന്‍ കോടതിയെ സമീപിച്ചേക്കും.