വൈപ്പിൻ: വൻ വിലവരുന്ന ഹൈ പവർ മയക്ക് മരുന്നുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഡിജെ പാർട്ടികൾ വീണ്ടും സജീവമാകുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടൊയാണ് വീര്യംകൂടിയ ലഹരികൾ ഉപയോഗിച്ചുള്ള പാർട്ടികൾ വ്യാപകമാകുന്നത്.
ഇത്തരം മയക്ക് മരുന്നുകളുടെ ഇനത്തിൽപെട്ട എംഡിഎംഎ എന്ന ഒരിനം മയക്കുമരുന്നുമായി ഞാറക്കൽ പെരുന്പിള്ളി സ്വദേശിയായ കൈതവളപ്പിൽ ആൽബിയുടെ മകൻ അമൽ (21) എന്ന യുവാവ് ഇന്നലെ ഞാറക്കൽ എക്സൈസിന്റെ പിടിയിലായതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
വൻകിട നഗരങ്ങിളിൽ നടക്കുന്ന ഡിജെ പാർട്ടികളിൽ ലഹരികൂട്ടാൻ ഉപയോഗിക്കുന്ന ന്യൂജനറേഷൻ സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട സൈക്കോട്രോപ്പിക്ക് പദാർഥമാണത്രേ എം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എംഡിഎംഎ.
മൊത്തം 515 മില്ലി ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഒരു പാക്കറ്റിനു 3000 രൂപവെച്ചാണ് ഇയാൾ വില്പന നടത്തുന്നത്. ഞാറക്കൽ ഭാഗത്തുനിന്നും പിടികൂടുന്പോൾ യുവാവിൽ നിന്നും 10 ഗ്രാം കഞ്ചാവുകൂടി പിടിച്ചെടുത്തിരുന്നു.
ബംഗളൂരുവിൽനിന്ന് കൊറിയർ വഴി
വൈപ്പിനിൽ എംഡിഎംഎ എത്തുന്നത് ബംഗളൂരുവിൽനിന്നും കൊറിയർ സർവീസ് വഴിയാണ്. പിടിയിലായ അമലിന്റെ നായരന്പലത്തുള്ള ബന്ധുവായ ഒരു യുവാവിനാണ് സാധനം എത്തുന്നത്.
ഇയാൾ ടൈൽ പണിക്കാരനാണ്. ഇയാളിൽ നിന്നാണ് ചില്ലറ വിതരണമെന്ന് എക്സൈസിന്റെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇയാൾ ഒളിവിലാണിപ്പോൾ.
ഇയാളെ പിടികൂടിയാൽ മാത്രമേ മറ്റ് ചില്ലറ വില്പനക്കാരെ കുറിച്ച് കൂടുതൽ അറിയാൻ കഴിയു. മാത്രമല്ല മരുന്നെത്തുന്ന ബംഗളൂരു ബന്ധവും അറിയേണ്ടതുണ്ട്.
പിടിയിലായ അമലിന്റെ മൊബൈൽ ഫോണ് പരിശോധിച്ചതോടെ ഇത് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ എക്സൈസിനു മനസിലായിട്ടുണ്ട്.
കൂടാതെ ഇയാളുടെ ഫോണിലേക്കു നിരവധി പേർ 2000 മുതൽ 3000 രൂപ വരെ ഗൂഗിൾ പേ വഴി അയച്ച് കൊടുത്തിട്ടുള്ള വിവരങ്ങളും എക്സൈസ് ശേഖരിച്ചിട്ടുണ്ട്. തുടരന്വേഷണം നടക്കുകയാണ്.
മൂന്നു മാസത്തെ അന്വേഷണം
മനുഷ്യശരീരത്തിനു ഏറെ ഹാനികരമായ മയക്ക് മരുന്ന് വൈപ്പിനിൽ എത്തുന്നുണ്ടെന്ന വിവരം മൂന്ന് മാസം മുന്പാണ് എക്സൈസിനു വിവരം ലഭിക്കുന്നത്.
തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ സി.എസ്. സുനിൽകുമാർ പ്രിവന്റിവ് ഓഫീസർമാരായ കെ.കെ. അരുണ്, രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം മൂന്ന് മാസക്കാലം രാപകൽ രഹസ്യമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഒരു കണ്ണി അകത്തായത്.
ചെറായിലെ ഒരു ഹോം സ്റ്റേയിലും എളങ്കുന്നപ്പുഴയിലും ഇത്തരത്തിൽ പാർട്ടികൾ നടന്നതായും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.