ആലുവ: കൺമുന്നിൽ മൂന്നുമരണം കണ്ട നടുക്കത്തിൽ സുഹൃത്തുക്കളായ ആന്റണിയും ആകാശും.
ഫെഡറൽ ബാങ്ക് ഓപ്പറേഷൻ വിഭാഗം ജീവനക്കാരനായ ആന്റണിയും തായിക്കാട്ടുകര കൂവക്കാട്ടിൽ ആകാശും ഇന്നലെ പെരിയാർ തീരത്ത് സായാഹ്നം ചെലവിടാൻ എത്തിയതായിരുന്നു.
ഉല്ലാസനും മക്കളും പാലത്തിന് മുന്നിലുള്ള പാലസ് റോഡിലെ ഗോപൂസ് കടയിൽ കയറി ചായ കുടിക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ശിവരാത്രി പാലത്തിലൂടെ പലവട്ടം മൂവരും നടക്കുന്നതും ഇവർ കണ്ടിരുന്നു. പിന്നീടാണ് പുഴയിലേക്ക് എന്തോ വീണ വലിയ ശബ്ദം കേൾക്കുന്നത്.
പിന്നാലെ ഒരു പെൺകുട്ടിയുടെ നിലവിളിശബ്ദവും ഉയർന്നു. ഞെട്ടിത്തരിച്ചു നിൽക്കവെ പെൺകുട്ടിയെയും ഇയാൾ പുഴയിലേക്ക് എടുത്തിട്ടു.
എന്താണ് ചെയ്യുന്നതെന്ന് ഉച്ചത്തിൽ ചോദിച്ച് ആകാശും ആന്റണിയും പാലത്തിന് നടുവിലേക്ക് ഓടിയെത്തി.
കൈയെത്തും ദൂരത്ത് എത്തുമ്പോഴേക്കും ഉല്ലാസനും പുഴയിലേക്ക് ചാടുകയായിരുന്നെന്ന് ആകാശ് പറഞ്ഞു.
മീൻ പിടിക്കാനായും മറ്റും വന്ന നാട്ടുകാർ കുട്ടികളെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.