തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മകൻ അനിൽ ആന്റണി തോൽക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പത്തനംതിട്ടയിൽ ജയിക്കുമെന്നും എ.കെ. ആന്റണി പറഞ്ഞു.
“എന്റെ മതം കോണ്‍ഗ്രസാണ്. കെഎസ്യു കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നതായിരുന്നു എന്റെ നിലപാട്. കുടുംബത്തിൽ രാഷ്ട്രീയം പറയാറില്ല. ആന്റോ ആന്റണി നല്ല ഭൂരിപക്ഷത്തിൽ ജയിക്കും.
ശാരീരിക പ്രശ്നങ്ങളെ തുടർന്നാണ് ഞാൻ പ്രചാരണത്തിനു പോകാത്തത്. 2019ൽ കിട്ടിയത്ര വോട്ട് ബിജെപിക്ക് ഇത്തവണ കേരളത്തിൽ ഒരിടത്തും ലഭിക്കില്ല. കട്ടായം വേണമെങ്കിൽ എഴുതിവച്ചോ. ബിജെപിയുടെ സുവർണകാലം കഴിഞ്ഞു.” -ആന്റണി പറഞ്ഞു.
എ.കെ. ആന്റണിയുടെ മകനെക്കൂടാതെ ലീഡർ കെ. കരുണാകരന്റെ മകളും ബിജെപിയുടെ ഭാഗമായല്ലോ എന്ന ചോദ്യത്തിന്, മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിക്കരുത്, അത്തരം ഭാഷ എന്റെ സംസ്കാരത്തിന്റെ ഭാഗമല്ല.
കോണ്‍ഗ്രസ് ഒരു മഹാ പ്രസ്ഥാനമാണ്, മഹാനദിയാണ്. ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും പുതിയ നീർച്ചാലുകൾ പൊട്ടിയൊഴുകിക്കൊണ്ടിരിക്കും. നീർച്ചാലുകൾ ചേർന്ന് മഹാനദിയായി മാറുമെന്നും എ.കെ. ആന്റണി പറഞ്ഞു.
അനിലിനെ വിജയിപ്പിച്ചാൽ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, ഇത്രയൊക്കെ മതിയെന്നായിരുന്നു എ.കെ. ആന്റണിയുടെ പ്രതികരണം.