തിരുവനന്തപുരം: മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് ഇന്ന് ശതാഭിഷേകം. ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട ദേശീയരാഷ്ട്രീയത്തിലെ അതികായൻ ജഗതിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. 84ാം ജന്മദിനമായ ഇന്ന് ആഘോഷങ്ങളൊന്നുമില്ല. പണ്ടും ജന്മദിനാഘോഷ പരിപാടികൾ ഒന്നും അദ്ദേഹം താൽപ്പര്യം കാണിച്ചിരുന്നില്ല.
കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്ന മൻമോഹൻ സിംഗ് അനുസ്മരണ പരിപാടി അദ്ദേഹം ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് ഉദ്ഘാടനം ചെയ്യും. രാവിലെ കെപിസിസി ആസ്ഥാനത്തെത്തുന്ന എ.കെ. ആന്റണി പാർട്ടി പ്രവർത്തകരോടൊപ്പം ചെലവഴിക്കും. ലളിതജീവിതവും ആദർശ രാഷ്ട്രീയവും മുഖമുദ്രയാക്കിയ കോണ്ഗ്രസ് നേതാവാണ് എ.കെ. ആന്റണി.
അറയ്ക്കപറന്പിൽ കുര്യൻ ആന്റണി എന്ന എ.കെ. ആന്റണി 1940 ഡിസംബർ 28 നാണ് ജനിച്ചത്. കെഎസ്യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം കേരളത്തിലെ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. മൻമോഹൻ സിംഗിന്റെ മന്ത്രിസഭയിലായിരുന്നു അദ്ദേഹം പ്രതിരോധമന്ത്രിയായി പ്രവർത്തിച്ചത്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന അദ്ദേഹത്തിന്റെ റിക്കാർഡ് ആർക്കും ഭേദിക്കാൻ കഴിഞ്ഞിട്ടില്ല. 1977 കാലയളവിൽ തന്റെ 37 ാം വയസിലാണ് ആന്റണി മുഖ്യമന്ത്രിയായത്. രാജ്യസഭാ അംഗമായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങൾ കാരണം രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് രണ്ട് വർഷക്കാലമായി അദ്ദേഹം വിശ്രമ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ ഭാര്യയോടൊപ്പം താമസിക്കുന്ന ആന്റണി കെപിസിസിയിൽ നടക്കുന്ന പാർട്ടി പരിപാടികളിൽ മാത്രമാണ് നിലവിൽ പങ്കെടുക്കുന്നത്.