ഇരിട്ടി: സ്ഥലം വില്പനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിന് സിപിഎം ലോക്കൽ കമ്മിറ്റി ഇടപെട്ട് നടത്തിയ മധ്യസ്ഥത അംഗീകരിക്കാതിരുന്ന കർഷകന്റെ റബർ മരങ്ങൾ തൊലി ചെത്തി നശിപ്പിച്ചതായി പരാതി. കൂടാതെ ഏഴ് വീട്ടുകാർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പൈപ്പു ലൈനും ടാങ്കും കുത്തിക്കീറി നശിപ്പിച്ചു.
വാണിയപ്പാറത്തട്ടിലെ ചുവപ്പുങ്കൽ ജോർജിന്റെ ടാപ്പു ചെയ്യുന്ന നാല്പതോളം റബർ മരങ്ങളാണ് തൊലിചെത്തി നശിപ്പിച്ചത്. സമീപവാസിയായ മൊയ്യപ്പള്ളി മജീദിന്റെ പുരയിടത്തിലെ കുടിവെള്ള വിതരണ സംവിധാനവും അക്രമികൾ തകർത്തു.
ജോർജിന്റെ തോട്ടത്തിൽ 380 റബർ മരങ്ങളിൽ ഏറ്റവും നല്ല നാല്പതോളം മരങ്ങളാണ് തുടർന്നു ടാപ്പ് ചെയ്യാവാവാത്ത വിധം ചെത്തി നശിപ്പിച്ചിരിക്കുന്നത്. മജീദ് സ്ഥാപിച്ച കുടിവെള്ള വിതരണ സംവിധാനത്തിൽ നിന്നാണ് മറ്റുള്ള വീടുകളിലുളളവരും കുടിവെള്ളം എടുക്കുന്നത്.
ഈ പദ്ധതിയും ജോർജിന്റെതാണെന്നു കരുതിയായിരിക്കും അക്രമമെന്നാണ് നാട്ടുകാർ പറയുന്നത്. കൊച്ചുപുരയ്ക്കൽ ഷാജിയുടെ ഉടമസ്ഥതയിൽ ഉള്ള കെ.വി. ഫ്രൂട്സ് പഴ സംസ്കരണ കേന്ദ്രം ജീവനക്കാർ സ്ഥാപനത്തിലേക്ക് വെള്ളം എടുക്കാനായി പൈപ്പ് തുറന്നപ്പോഴാണ് പൈപ്പും ടാങ്കും നശിപ്പിച്ചതായി കണ്ടെത്തിയത്.
രണ്ട് വർഷം മുന്പ് ജോർജിന്റെ ഉടമസ്ഥതയിൽ രണ്ടാംകടവിലുള്ള കടയുടെ കെട്ടിടം വിറ്റതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി എട്ടിന് സിപിഎം അയ്യൻകുന്ന് ലോക്കൽ കമ്മിറ്റി ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ മധ്യസ്ഥ ചർച്ച വിജയിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. കരിക്കോട്ടക്കരി എസ്ഐ ബെന്നി മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. കൃഷി ഭൂമിയിൽ അതിക്രമിച്ചു കയറിയതിനും വിളകളും കുടിവെള്ള പൈപ്പും നശിപ്പിച്ചതിനും കേസെടുത്തു.
സണ്ണി ജോസഫ് എംഎൽഎ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, അംഗങ്ങളായ സീമ സനോജ്, സെലീന ബിനോയി, ഡിസിസി സെക്രട്ടറി ഡെയ്സി മാണി, കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, ജെയിൻസ് ടി.മാത്യു, ജെയ്സൺ തോമസ്, എം.കെ.വിനോദ്, കെ.എസ്. ശ്രീകാന്ത്, തങ്കച്ചൻ കുളങ്ങരമുറിയിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
സിപിഎം തീരുമാനം അംഗീകരിക്കാത്തതിന്റെ തിക്താനുഭവം: സണ്ണി ജോസഫ് എംഎൽഎ
സിപിഎം മധ്യസ്ഥത തീരുമാനം അംഗീകരിക്കാത്തതിന്റെ തിക്താനുഭവമാണ് കർഷകൻ നേരിട്ടതെന്ന് സണ്ണിജോസഫ് എംഎൽഎ പറഞ്ഞു. അതിക്രമം കാട്ടിയവരെയും പിന്നിലുള്ള ഗൂഢാലോചനക്കാരെയും പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടപെട്ടത് പ്രശ്നം രമ്യമായി പരിഹരിക്കാൻ: സിപിഎം
പരാതി രമ്യമായി പരിഹരിക്കുന്നതിന് രണ്ട് കക്ഷികളെയും വിളിച്ച് സംസാരിക്കുകയായിരുന്നുവെന്ന് സിപിഎം അയ്യൻകുന്ന് ലോക്കൽ സെക്രട്ടറി കെ.ജെ. സജീവൻ പറഞ്ഞു.
ചർച്ചയിൽ തീരുമാനമായില്ല. നിയമവഴി തേടാൻ ആവശ്യപ്പെടുകയായിരുന്നു. ജോർജിന്റെ കൃഷി തോട്ടത്തിനു നേരെയുണ്ടായ അക്രമം അപലപനീയമാണ്. പോലീസ് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.