തിരുവില്വാമല: തിരുവില്വാമലയിൽ അക്രമസംഭവങ്ങളും മോഷണവും പെരുകുന്നു. ഇന്നലെ വ്യാപാരിയെ കടയിൽ കയറി വെട്ടിപരിക്കേൽപ്പിച്ച സംഭവം ഉൾപ്പെടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാഷ്ട്രീയ സംഘട്ടനമുൾപ്പെടെ നിരവധി അക്രമസംഭവങ്ങളാണ് മേഖലയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വ്യാപാര സ്ഥാപനങ്ങളിൽ ദിവസങ്ങളായി മോഷ്ടാക്കളുടെ വിളയാട്ടവും തുടരുന്നു. കഴിഞ്ഞ 25ന് രാവിലെ പത്തിന് പാന്പാടി ഐവർമഠം രമേഷ് കോരപ്പത്തിന്റെ തറവാടിനോടു ചേർന്നുള്ള പാന്പിൻകാവ് ഒരു സംഘം ഗുണ്ടകൾ ജെസിബി ഉപയോഗിച്ച് തകർത്തിരുന്നു.
അന്നു വൈകുന്നേരമാണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ രാഷ്ട്രീയ സംഘർഷമുണ്ടായത്. സിപിഎമ്മിലെ ചേരിപ്പോരിനെ തുടർന്ന് നടന്ന സംഘട്ടനത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.മനോജ്കുമാർ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എസ്.ദിലീപ്, പഞ്ചായത്തിലെ മുൻ ഡ്രൈവർ രഘുകുമാർ എന്നിവർക്ക് പരിക്കേറ്റു. അന്ന് വൈകുന്നേരം ഒരു സംഘം ആളുകൾ ചേർന്ന് രഘുവിന്റെ വീടുകയറി ആക്രമണം നടത്തിയിരുന്നു.
കഴിഞ്ഞദിവസങ്ങളിൽ മേഖലയിൽ നിരവധി മോഷണങ്ങളും അരങ്ങേറിയിരുന്നു. വ്യാപാരഭവൻ റോഡിലെ റബർ കടയിൽനിന്ന് പട്ടാപ്പകൽ രണ്ടുലക്ഷത്തോളം രൂപ മോഷണം പോയി. ലേശമംഗലം റോഡിലെ വളക്കട, കോഴിക്കട പോലീസ് ഒൗട്ട്പോസ്റ്റിനു സമീപമുള്ള ഹാർഡ് വെയർ എന്നിവിടങ്ങളിലും കള്ളന്മാർ വിളയാട്ടം നടത്തിയിരുന്നു. അക്രമസംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.