ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷ ത്തിലേക്ക് കടക്കുന്നു. തിരുവനന്തപുരം നിലയം 1950 ഏപ്രിൽ ഒന്നിനാണ് പ്രക്ഷേപണം ആരംഭിച്ചത്. ജി.പി.എസ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ.
അതിപ്രഗൽഭരായ എഴുത്തുകാരും കലാകാരന്മാരും പ്രാരംഭം മുതലേ തിരുവനന്തപുരം നിലയത്തെ ജനപ്രിയമാക്കി. ആലപ്പുഴയിലെ 200 കിലോവാട്ട് ട്രാൻസ്മിറ്റർ തിരുവനന്തപുരം നിലയത്തെ കേരളത്തിലെമ്പാടും എത്തിച്ചു.
ആലപ്പുഴ, പുനലൂർ, പത്തനംതിട്ട, കായംകുളം, ഇടുക്കി, കൽപ്പറ്റ, കാസർഗോഡ്, കവരത്തി, അനന്തപുരി എഫ്എം എന്നീ എഫ്എം നിലയങ്ങളിലൂടെയും ആകാശവാണി തിരുവനന്തപുരം കേൾക്കാൻ കഴിയും.
ഒരു വർഷത്തെ എഴുപത്തഞ്ചാം വാർഷികാഘോഷ പരിപാടികൾ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആകാശവാണി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ഡോ. എം. ജി. ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വരുന്ന മാസങ്ങളിൽ വിവിധപ്രദേശങ്ങളിലും ആഘോഷപരിപാടികൾ നടത്തും.