മട്ടന്നൂർ: യൂത്ത് കോണ്ഗ്രസ് മട്ടന്നൂര് ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ ആക്രമിക്കാൻ സംഘം കാത്തിരുന്നത് കീഴല്ലൂർ പഞ്ചായത്തിലെ വെള്ളപറമ്പിൽ. പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികളുടെതാണ് ഈ മൊഴി.
അറസ്റ്റിലായ തില്ലങ്കേരി വഞ്ഞേരിയിലെ എം.പി. ആകാശ് (24), മുടക്കോഴി മലയ്ക്ക് സമീപത്തെ കരുവള്ളിയിലെ റിജിൻ രാജ് (24) എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ മൊഴി നൽകിയത്. ശുഹൈബിന്റെ കാൽവെട്ടാൻ തീരുമാനിച്ച സംഘം ശുഹൈബ് കൊല്ലപ്പെടുന്ന തലേദിവസവും എടയന്നൂരിലെത്തിയിരുന്നു. ശുഹൈബിനെ അന്വേഷിച്ചെത്തിയ സംഘം ശുഹൈബിനൊപ്പം ഏതാനും പേരെ കണ്ടതിനാൽ അക്രമിക്കാതെ തിരിച്ചു പോകുകയായിരുന്നുവത്രെ.
പിറ്റേ ദിവസം വീണ്ടും എത്തിയ അക്രമി സംഘം ആളൊഴിഞ്ഞ പ്രദേശമായ വെള്ളപറമ്പിൽ കാറിലെത്തുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ഇവിടെ ഏറെ നേരം ചിലവഴിക്കുകയായിരുന്നു. നിർദേശം ലഭിച്ചാൽ പോകുന്നതിനാണ് വെള്ളപറമ്പിൽ കാത്തിരുന്നതെന്ന് പിടിയിലായ പ്രതികൾ പോലീസിനു മൊഴി നൽകി.
ശുഹൈബ് തെരൂരിലെ തട്ടുകടയിലെത്തിയെന്നു വിവരം ലഭിച്ചതോടെ സംഘം വാഗണർ കാറിൽ പുറപ്പെടുകയായിരുന്നു. ശുഹൈബിനെ കൊലപ്പെടുത്തിയതിനു ശേഷം വീണ്ടും വെള്ളപറമ്പിലെത്തിയ അക്രമികൾ വാഗണർ കാറിൽ നിന്നു ഇറങ്ങി മറ്റേ കാറിൽ കയറി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ഒരു വാൾ വെള്ളപറമ്പിൽ നഷ്ടപ്പെടുകയായിരുന്നു. ഈ വാൾ പിന്നീട് പോലീസ് കണ്ടെടുത്തിരുന്നു.
പാപ്പിനിശേരി സ്വദേശിയുടെ കാർ വാടകയ്ക്ക് എടുത്താണ് സംഘം അക്രമിക്കാനെത്തിയത്. കാറിന്റെ നമ്പർ പ്ലെയിറ്റ് അഴിച്ചു മാറ്റി ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിച്ചാണ് സംഘം അക്രമം നടത്താനെത്തിയത്. ശുഹൈബ് തട്ടുകടയിലുണ്ടെന്ന വിവരം അക്രമികൾക്ക് നൽകിയവർ ഉൾപ്പെടെയാണ് ഇനി പിടിയിലാകാനുണ്ട്. ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനു നാല് ദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.