കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകര്‍ നയിക്കുന്നത് വിഐപി ജീവിതം.
സഖാക്കളുടെ നിത്യസന്ദര്‍ശനവും നേതാക്കളുടെ പിന്തുണ ഒപ്പമുണ്ടെന്ന ഉറപ്പോടെയുമാണു പ്രതികള്‍ ജയിലില്‍ കഴിയുന്നത്. മുഖ്യ പ്രതി ആകാശ് തില്ലങ്കരി ജയിലധികൃതര്‍ക്ക് തലവേദനയാവുകയാണ്. മുമ്പ് രാഷ്ട്രീയ ആക്രമക്കേസുകളില്‍ റിമാന്‍ഡിലായപ്പോഴും പാര്‍ട്ടി സ്വാധീനത്തിന്റെ ബലത്തില്‍ ജയിലില്‍ ആകാശ് നയിച്ചത് ഇതേ രീതിയിലുള്ള ജീവിതമാണ്.
വലിയ സൗഹൃദവലയമുള്ള ആകാശിനെ നിരവധി പാര്‍ട്ടിക്കാരാണ് ജയിലിലെത്തി നിത്യേന സന്ദര്‍ശിക്കുന്നത്. 24 വയസിനിടെ രണ്ട് കൊലപാതകം, 11 രാഷ്ട്രീയ സംഘട്ടനക്കേസുകള്‍, കാപ്പ ചുമത്തപ്പെട്ട കുറ്റവാളി എന്നിങ്ങനെ സി.പി.എം. ചാവേര്‍ ഗ്രൂപ്പില്‍ ആ തരത്തില്‍ തലയെടുപ്പുള്ള ആളാണ് ആകാശ്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആകാശ് എസ്.എഫ്.ഐയിലൂടെ പാര്‍ട്ടിയിലെത്തുന്നത്. വളരുന്നതിനനുസരിച്ച് എതിരാളികളെ െകെകാര്യം ചെയ്യാനുള്ള പാര്‍ട്ടിയുടെ പ്രധാന ഉപകരണമായി മാറി. നേരത്തേ മറ്റു അക്രമ കേസുകളില്‍ പെട്ടപ്പോഴും ആകാശിന് എല്ലാ പിന്തുണയും നല്‍കിയത് പാര്‍ട്ടി നേതൃത്വമാണ്.
ഷുെഹെബ് വധക്കേസില്‍ അറസ്റ്റിലായപ്പോള്‍ ആദ്യം ആകാശ് തില്ലങ്കേരിയുടെ പാര്‍ട്ടി ബന്ധം നേതാക്കള്‍ നിഷേധിച്ചെങ്കിലും പിന്നീട് സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന് അതു തിരുത്തിപ്പറഞ്ഞു. ആകാശും മറ്റൊരു പ്രതിയായ രജിന്‍രാജും ഒളിവില്‍ കഴിഞ്ഞത് സി.പി.എം പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നിലെ മുടക്കോഴി മലയിലായിരുന്നു. പാര്‍ട്ടി നേതൃത്വം അറിഞ്ഞേ ഇവിടെ ഒളിയിടം ഒരുക്കാനാകൂ.
അതിനിടെ കണ്ണൂര്‍ സ്പെഷല്‍ സബ്ജയിലില്‍ ആകാശ് അടക്കമുള്ള പ്രതികളെ രണ്ടു തവണ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. രാഷ്ട്രീയ കക്ഷികള്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ പേരില്‍ പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍ നേതൃത്വം കുറ്റവാളികള്‍ക്ക് പിന്തുണ നല്‍കുന്നതും സ്വാധീനം ഉപയോഗിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമാണ് അക്രമം തുടരാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. പാര്‍ട്ടിക്കായി കൊല നടത്തുന്നവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ക്ക് ഒരു കുറവും നേതൃത്വം വരുത്താറില്ല.
പ്രതികള്‍ക്കുള്ള നിയമ സഹായവും പാര്‍ട്ടി തീരുമാനമനുസരിച്ചു തന്നെയാണ്. ഷുെഹെബ് വധക്കേസിലെ പ്രതികളുടെ കുടുംബത്തിനു വേണ്ടിയുള്ള പരസ്യ സാമ്പത്തിക സമാഹരണമടക്കമുള്ള കാര്യങ്ങളിലേക്കു കൂടി പാര്‍ട്ടി കടക്കുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. ജയിലിലാകുന്ന പ്രതികളുടെ ബന്ധുക്കള്‍ക്ക് ജോലിയും വീട്ടുചെലവും കൂടാതെ പ്രതികള്‍ക്ക് ജയില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി പരോളും പാര്‍ട്ടി ഓഫര്‍ ചെയ്യും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയത്തടവുകാരുള്ള ജയിലായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയത്തടവുകാരില്‍ മഹാഭൂരിപക്ഷവും സി.പി.എമ്മുകാരാണ്. ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുന്നതും പാര്‍ട്ടിതന്നെയാണ്.
ജയില്‍ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി സി.പി.എം. തടവുകാര്‍ക്ക് ആയുര്‍വേദ ആശുപത്രിയില്‍ സുഖ ചികിത്സ നല്‍കിയത് അടുത്തിടെ വിവാദത്തിനിടയാക്കിയിരുന്നു.രാഷ്ട്രീയ കൊലക്കേസിലെ പ്രതികള്‍ക്ക് ജയില്‍ അധികൃതരെയും പോലീസിനെ സ്വാധീനിച്ച് റിമാന്‍ഡ് -വിചാരണാ സമയത്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പാര്‍ട്ടി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചു പതിവുള്ളതാണ്.