ഇരിട്ടി: മകളുടെ പേരിടൽ ചടങ്ങിനിടെ പോലീസ് എത്തി കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെയായിരുന്നു സംഭവം.
രണ്ട് കൊലക്കേസിൽ അടക്കം 12 കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തിയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
വിയ്യൂർ ജയിലിൽനിന്നും മോചിതനായി ദിവസങ്ങൾക്കുള്ളിലാണ് മുഴക്കുന്ന് സിഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീണ്ടും അറസ്റ്റ് ചെയ്തത്. ജയിലിൽ കഴിയവേ ജയിൽ വാർഡനെ ആക്രമിച്ച കേസിലായിരുന്നു അറസ്റ്റ്.
കുട്ടിയുടെ നൂലുകെട്ടൽ ചടങ്ങിന് ഇടയിൽ ആകാശിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സുഹൃത്തുക്കളും ബന്ധുക്കളും സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി.
ചടങ്ങിൽ എത്തിയവർ ആരും ഭക്ഷണം കഴിക്കാതെയാണ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയത്. ആകാശിന്റെ ഭാര്യയും കുട്ടിയും സ്റ്റേഷനിൽ എത്തി. തുടർന്ന് ഒന്നിച്ചു ചടങ്ങിന്റെ ഭക്ഷണം കഴിക്കാൻ പോലീസ് സൗകര്യം ഒരുക്കി.
കുട്ടിയുടെ നൂലുകെട്ടൽ ചടങ്ങ് പൂർത്തിയാക്കാതെ ആകാശിനെ അറസ്റ്റ് ചെയ്തതിൽ ആയിരുന്നു സുഹൃത്തുക്കളുടെ പ്രതിഷേധം.
ഒടുവിൽ ആകാശിന്റെ അച്ചൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി എല്ലാവരോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയായിരുന്നു.
മണിക്കൂറുകളോളം സ്റ്റേഷൻ പരിസരം സംഘർഷ ഭരിതമായിരുന്നു. ക്രമസമാധാന പാലനത്തിനായി സമീപ സ്റ്റേഷനിൽനിന്നും പോലീസ് മുഴക്കുന്ന് സ്റ്റേഷനിൽ എത്തിയിരുന്നു.