സ്വന്തം ലേഖകൻ
കണ്ണൂര്‍: മുൻ മന്ത്രി എം.എം. മണിയുടെ വൺ, ടൂ, ത്രീ.. വിവാദ പ്രസംഗം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതിലും വലിയ പ്രതിസന്ധിയാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ സിപിഎം നേരിടുന്നത്.
എം.എം. മണിയുടെ വിവാദ പ്രസംഗത്തിൽ പാർട്ടിക്കെതിരേ പ്രവർത്തിച്ചവരെ ഓരോരുത്തരെയായി കൊലപ്പെടുത്തിയെന്നായിരുന്നു പറഞ്ഞതെങ്കിൽ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ അതിലും മേലേക്ക് പോകുകയാണ്.
എം.എം. മണി കൊലയ്ക്ക് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. എന്നാൽ ഷുഹൈബ് കൊലക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരി മറ്റൊരാളുടെ ഫേസ് ബുക്ക് പോസ്റ്റിനിട്ട കമന്റിൽ നേതാക്കളുടെ നിർദേശാനുസരണം കൊല നടത്തിയെന്നും തങ്ങൾ വായ് തുറന്നാൽ പല നേതാക്കളും പുറത്തിറങ്ങി നടക്കില്ലെന്നുമാണ് പറയുന്നത്.
ഈ പരാമർശം സിപിഎം നേതൃത്വത്തിനുള്ള മുന്നറിയിപ്പും ഭീഷണിയുമാണ്. തങ്ങളെ പ്രകോപിപ്പിച്ചാൽ ഇനിയും പലതും തുറന്നു പറയുമെന്നും അതുകൊണ്ടുതന്നെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന സൂചനയും ഇതുവഴി നൽകുന്നു.
സിപിഎമ്മിലെ പ്രമുഖ നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെതിരേ സംസ്ഥാനകമ്മിറ്റിയിൽ പി. ജയരാജൻ ഉന്നയിച്ച റിസോർട്ട് വിവാദം പാർട്ടിക്കുള്ളിലും പുറത്തും കത്തുന്ന വേളയിൽ ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തൽ നേതൃത്വത്ത കൂടുതൽ പ്രതിരോധത്തിലാക്കി.
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനെ സിപിഎം ജില്ലാ സെക്രട്ടറി പൂർണമായും തള്ളിയെങ്കിലും ഏതെങ്കിലും നേതാവ് കൊലയ്ക്ക് നിർദേശം നൽകിയോ? ആകാശ് തില്ലങ്കേരിക്കു പിന്നിൽ ഏതെങ്കിലും നേതാവുണ്ടോ എന്നതുൾപ്പെടെയുള്ള ചർച്ചകൾ അണിക്കൾക്കിടയിലും സജീവമാണ്.
സംസ്ഥാന സെകട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനായി സംസ്ഥാനയാത്ര നടത്താനിരിക്കെയാണ് പൊതുസമൂഹത്തിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിൽ തില്ലങ്കേരിയുടെ ആരോപണം ഉയർന്നിരിക്കുന്നത്.
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് തുടർച്ചയായി ജില്ലയിലെ കൊലപാതകക്കേസുകളില്‍ പുനഃരന്വേഷണമാവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സിപിഎമ്മിന് അത് കൂടുതൽ കുരുക്കാകും. നേരത്തെ സ്വർണക്കടത്ത് കേസിലും സിപിഎമ്മിന് ആകാശ് തില്ലങ്കേരി പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു.
നേതാക്കളുടെ പങ്ക് അന്വേഷിക്കണം: ഡിസിസി
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഷുഹൈബ് വധക്കേസിൽ സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമായെന്നും അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
നേരത്തെ കോൺഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്നതിനാൽ കോടതി സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളുകയായിരുന്നു.