കണ്ണൂർ: ശുഹൈബ് വധക്കേസില മുഖ്യപ്രതി ആകാശ് തില്ലങ്കേരി പെണ്‍കുട്ടിക്കൊപ്പം ജയിലിൽ കഴിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ നൽകിയ പരാതിയിൽ ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസിലെ പ്രതികൾക്ക് ജയിലിൽ വഴിവിട്ട സഹായങ്ങൾ ലഭിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ കഴിഞ്ഞ ദിവസമാണ് ഡിജിപിക്ക് പരാതി നൽകിയത്. കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിക്ക് കഴിഞ്ഞ ദിവസം മുഴുവൻ കൂത്തുപറന്പ് സ്വദേശിനിയായ പെണ്‍കുട്ടിക്കൊപ്പം ജയിലിൽ കഴിയാൻ ഉദ്യോഗസ്ഥർ അവസരമൊരുക്കിയെന്നായിരുന്നു സുധാകരന്റെ പരാതി.
മൂന്ന് ദിവസത്തോളം പെണ്‍കുട്ടി ജയിലിൽ കയറിയിറങ്ങിയെന്നും ആരോപണമുണ്ട്. ശുഹൈബ് കേസിലെ പ്രതികളുടെ സെൽ പൂട്ടാറില്ലെന്നും ഇവർക്ക് ജയിലിൽ വലിയ സ്വാതന്ത്ര്യമാണെന്നും സുധാകരന്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
കേസിലെ അറസ്റ്റിലായ ആകാശ് അടക്കമുള്ള പ്രതികൾ കണ്ണൂർ സ്പെഷൽ സബ് ജയിലിലാണ് കഴിയുന്നത്. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടും അധികാരത്തിന്റെ എല്ലാ തണലിലുമാണ് പ്രതികൾ ജയിലിൽ കഴിയുന്നതെന്നായിരുന്നു കോൺഗ്രസിന്റെ പരാതി.