സ്വന്തം ലേഖകൻ
കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം. കാപ്പ ചുമത്തി നാടു കടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേസുകൾ പരിശോധിക്കുന്നതെന്നാണ് സൂചന.
സമൂഹ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായുള്ള പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആകാശ് തില്ലങ്കേരിക്കും മറ്റ് രണ്ടുപേർക്കുമെതിരേ മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനായി പോലീസ് പ്രത്യേക സ്ക്വാഡും രൂപീകരിച്ചു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ രജീഷ് തെരുവത്തുപീടികയുടേയും മട്ടന്നൂർ ഇൻസ്പെ ക്ടർ എം. കൃഷ്ണന്റേയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡിനാണ് രൂപം നൽകിയിരിക്കുന്നത്.
മന്ത്രി എം.ബി. രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്കിയ പരാതിയിലാണ് ആകാശ് തില്ലങ്കേരിക്കും ആകാശിന്റെ സഹപ്രവർത്തകരായ ജിജോ, ജയപ്രകാശ് എന്നിവർക്കുമെതിരേ കേസെടുത്തത്.
ഡിവൈഎഫ്ഐയുടെ യോഗത്തിൽ ആകാശ് തില്ലങ്കേരിയെ വിമർശിച്ചതിന് സാമൂഹ മാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്നു പേർക്കുമെതിരേയുള്ള പരാതി.
തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിൽ കഴിഞ്ഞ രാത്രി രണ്ടുതവണ പോലീസ് പരിശോധനക്കെത്തിയെങ്കിലും ആകാശിനെ കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്ന് പേരും ഒളിവിൽപോയി മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുമുണ്ട്.
മൂന്നുപേരുടേയും മൊബൈൽ ഫോണും നിശ്ചലമാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയുള്ള പോർവിളികൾ തുടരുകയാണ്. ടവർ ലൊക്കേഷൻ മനസിലാക്കി അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.
ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർ പ്രകോപനമുണ്ടാക്കിയാൽ പ്രതികരിക്കേണ്ടെന്നാണ് സിപിഎം, ഡിവൈഎഫ്ഐ നേതൃത്വം പാർട്ടി അണികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘാംഗം:എം.വി. ഗോവിന്ദൻ
കണ്ണൂർ: ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ആരോപിക്കുന്ന ആരോപണങ്ങൾക്ക് കഴമ്പില്ലെന്നും ആകാശിനെ പോലുള്ളവരെ സംരക്ഷിക്കേണ്ട കാര്യം പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആകാശിനെ പോലീസ് പിടികൂടുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് പറയുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണെന്നും സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് മനസിലാക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ശിവശങ്കറുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. ശിവശങ്കർ മുന്പും അറസ്റ്റിലായിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.