കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.
വാഹനത്തിന്റെ ആർസി സസ്പെന്‍ഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ മലപ്പുറം ആർടിഒക്ക് ശി പാർശ നൽകി.
മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്‍ എന്നയാളുടേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്. വാഹനത്തിന്റെ രൂപകല്പനയില് മാറ്റം വരുത്തിയതുൾപ്പെടെ മൂന്നു കേസുകള്‍ നേരത്തെ എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ നിയമം കാറ്റിൽ പറത്തിയുള്ള യാത്രയിൽ വീണ്ടും നടപടി വരുന്നത്.
നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധയാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
വയനാട് പനമരം ടൗണിൽ ആയിരുന്നു ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്തത്.