കണ്ണൂർ: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളിലൂടെ സിപിഎമ്മിനെ വെട്ടിലാക്കിയ ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും അറസ്റ്റ് ചെയ്തത് കാപ്പയിലെ പ്രത്യേക വകുപ്പ് പ്രകാരം.
നിലവിൽ കാപ്പ ആക്ട് 15 പ്രകാരം അറസ്റ്റ് ചെയ്ത് നാടുകടത്തലാണ് പതിവു രീതി. എന്നാൽ, നാടുകടത്തിയാലും സോഷ്യൽമീഡിയയിലൂടെ ആകാശും കൂട്ടാളിയും സിപിഎമ്മിന് ഭീഷണിയാകാൻ സാധ്യതയുണ്ട്.
അതിനാൽ, കാപ്പാ-3 സെക്ഷൻ പ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്ന രീതിയാണ് ഇവർക്കെതിരേ പ്രയോഗിച്ചത്.
അറസ്റ്റിലായ ഇവരെ ഇന്നു പുലർച്ചെ നാലോടെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. അതീവ സുരക്ഷയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്.
സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഗുണ്ടാ ആക്ട് പ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റിലായ കൊടും ക്രമിനലുകളാണ് ഈ ബ്ലോക്കിലുള്ളത്.
മിക്ക സമയങ്ങളിലും ഇവിടെ സംഘർഷവും ഉണ്ടാകാറുണ്ട്.ഇന്നലെ വൈകുന്നേരം ആറോടെ ഇവരെ മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എങ്കിലും, അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. രാത്രി പത്തോടെയാണ് കാപ്പാ ഉത്തരവ് ലഭിച്ചതെന്നാണ് സൂചന. കാപ്പ ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു.
ഷുഹൈബ് വധക്കേസിൽ ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
ഷുഹൈബ് വധക്കേസിന് പുറമെ തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലും ആകാശ് പ്രതിയാണ്.
ഇതിനൊപ്പം സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലും മട്ടന്നൂർ പോലീസിൽ ഡിവൈഎഫ്ഐ നൽകിയ കേസിലും ആകാശ് പ്രതിയാണ്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടും ആകാശിനെതിരെ പരാതി ഉയർന്നിരുന്നു. സ്ഥിരം ശല്യക്കാരൻ എന്ന മുദ്രകുത്തിയാണ് ഇപ്പോൾ നടന്നിരിക്കുന്ന അറസ്റ്റ്.