കോട്ടയം: ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍മാണം പിടിച്ചുകൊടുക്കാന്‍ നാടിന്റെ മുഖമാവേണ്ട ആകാശപാത പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. പണമില്ലാത്തതിനാലാണ് ആദ്യം പണി മുടങ്ങിയത്. ഇപ്പോഴുന്നയിക്കുന്ന സ്ഥലത്തിന്റെ വിഷയം ഇതുവരെ തന്നെ അറിയിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാറ്റ്പാക്ക് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആകാശപാത നിര്‍മാണം ആരംഭിച്ചത്. പദ്ധതി സുഗമമായി മുന്നോട്ടു കൊണ്ടുപോയ കിറ്റ്കോയെ മാറ്റണമെന്നു മന്ത്രിമാര്‍ ആവശ്യപ്പെട്ടതാണ്. മന്ത്രിതല ചര്‍ച്ചകള്‍ക്കു പിന്നാലെ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ കിറ്റ്കോ തുടരണമോ അതോ ഊരാളുങ്കല്‍ പോലുള്ള സൊസൈറ്റികള്‍ വേണമോ എന്ന തീരുമാനത്തിലാണ് എത്തിയത്.
പണവും അനുവദിച്ച് ഏജന്‍സിയെ ചുമതലപ്പെടുത്തിയ പദ്ധതിയാണ് പാതിവഴിയില്‍ ഇല്ലാതായത്. പണം കൊടുത്താല്‍ എട്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കിറ്റ്കോ അറിയിച്ചിരുന്നു.ഒമ്പതു വര്‍ഷമായി പെയിന്റു പോലും ചെയ്യാതെ മഴയും വെയിലുമേറ്റ് കിടക്കുന്നതിനാലാണ് തൂണുകള്‍ തുരുമ്പിക്കുന്നത്.
2022ല്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ആവശ്യമായ തുക ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിക്കാമോ എന്നു ചോദിച്ച് കളക്്ടര്‍ കത്തയച്ചിരുന്നു. അനുവദിക്കാമെന്ന് അറിയിക്കുകയും ചെയ്തു. അന്നൊന്നും സ്ഥല, സാങ്കേതിക പ്രശ്നം പറഞ്ഞില്ല.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രിക്കു കത്തയച്ചു. എന്നാല്‍, ഈ ഫയല്‍ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്ത തദ്ദേശ മന്ത്രിക്കാണു നല്‍കിയത്.
ഇപ്പോള്‍ ചിലര്‍ ആരോപണങ്ങള്‍ ഉന്നയിച്ച് വെല്ലുവിളിക്കുകയാണ്. ആക്രാന്തം കൊണ്ടാണ് വെല്ലുവിളിക്കുന്നത്. താന്‍ ആരെയും വെല്ലുവിളിക്കാനില്ലെന്നും ഈരയില്‍ക്കടവ് ബൈപാസ് റോഡ് പൂര്‍ത്തീകരണത്തിനും ഇതേ തടസം ഉന്നയിച്ചിരുന്നുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.