തിരുവനന്തപുരം: ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം രംഗത്ത്. താൻ പറഞ്ഞിട്ടാണ് ഹെലികോപ്റ്റർ ഒരുക്കുന്നതിന് റവന്യൂസെക്രട്ടറി ഉത്തരവിട്ടത്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി എതിർത്തിട്ടില്ലെന്നും കെ.എം. എബ്രഹാം പറഞ്ഞു.
ദുരിതാശ്വാസ ഫണ്ടിലെ പത്ത് ശതമാനം സംസ്ഥാന വിഹിതമാണ്. ഇതിനു മുന്പും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഇത്തരം യാത്രകൾ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്ര സഹായം ലഭിച്ചതെന്നും കെ.എം. എബ്രഹാം പറഞ്ഞു.
വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സർക്കാരാണു പണം മുടക്കുന്നതെന്നും ഈ പണം എവിടെനിന്നാണെന്നു താൻ അന്വേഷിക്കാറില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സമ്മേളന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു. താൻ മോഷണം നടത്തിയെന്ന തരത്തിലുള്ള പ്രചാരണമാണ് ഇപ്പോൾ നടത്തുന്നതെന്നും തന്റെ യാത്രയിൽ അപാകത ഒന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.