കോട്ടയം: ആകാശപാതയില്‍ കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേര്‍ പോര്‍മുഖം തുറന്നു. ആകാശപാതയുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ശീമാട്ടി റൗണ്ടാനയ്ക്കുസമീപം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ചെയര്മാന് പി. ജെ. ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ് എന്നിവര്‍ ഉപവാസ സമരത്തെ അഭിസംബോധ ചെയ്തു പ്രസംഗിച്ചു.
വൈകുന്നേരം ആറിനു നടക്കുന്ന സമാപന സമ്മേളത്തില്‍ ആന്റോ ആന്റണി എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. ഉപവാസ സമരത്തിനിടിയില്‍ തന്നെ സുരക്ഷാ ഭീഷണിയുയര്‍ത്തി നില്ക്കുന്ന ആകാശപ്പാതയുടെ അസ്ഥികൂടത്തിലേക്ക് സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് നടത്തും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സിപിഎമ്മിന്റെ മാര്‍ച്ച് ജില്ലാ സെക്രട്ടറി എ. വി. റസല്‍ ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ പിടിപ്പുകേടുമൂലം കോട്ടയത്തിന് നാണക്കേടായി നില്ക്കുന്ന ഉരുക്ക് റൗണ്ടുകള്‍ ജനങ്ങളില്‍ ഭീതിയുയര്ത്തുകയാണെന്നും വര്‍ഷങ്ങളായുള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത എംഎല്‍എ, ആകാശപ്പാത പണിതീരാത്തതിന്റെ കുറ്റം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചും എംഎല്‍എയോടു 15 ചോദ്യങ്ങളുയര്‍ത്തിയാണ് ജനകീയ മാര്‍ച്ച് നടത്തുന്നത്.
ആകാശപാതയ്ക്ക് അനുവദിച്ച പണം ഇപ്പോഴും ഖജനാവിലുണ്ടെന്നും ആകാശപാത പറ്റില്ലെന്ന് പറയാനുള്ള കാരണം വ്യക്തമാക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. നിര്‍മാണം മുടങ്ങിക്കിടക്കുന്ന ആകാശ പാതയെ ബിനാലെ കലാകാരന് നിര്‍മിച്ചതാണെന്നു പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കോട്ടയത്തെ ജനങ്ങളെ അപമാനിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോപിക്കുന്നു.
ആകാശപ്പാത പൊളിച്ചുനീക്കണമെന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കണം. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കോട്ടയത്തെ ആകാശ പാതയ്ക്കൊപ്പം പ്രഖ്യാപിച്ച തിരുവനന്തപുരം, തൃശൂര്‍ അകാശപാതകള് പൂര്‍ത്തിയായി. കോട്ടയത്തെ പദ്ധതിയെ ചവിട്ടുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണ് ആരോപച്ചു.