തിരുവനന്തപുരം: നിർമാണപ്രവർത്തനങ്ങളിലെ അപാകതയും ഭാവിയിൽ പൊളിക്കേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചു കോട്ടയം ആകാശപാത നിർമാണം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി അഞ്ചു റോഡുകൾ സംഗമിക്കുന്ന ഇടത്തെ ആകാശപാത നിർമാണം പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നു ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കവേ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിർദേശിച്ചാൽ ഏതു സാങ്കേതിക സമിതി റിപ്പോർട്ടും മാറ്റിവച്ച് ആകാശപാത നിർമിക്കാമെന്ന് ഗണേഷ്കുമാർ പറഞ്ഞെങ്കിലും, സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചില്ല.
ആകാശപാത നിർമാണം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന്റെയും സിഎസ്ഐ പള്ളിയുടെയും സ്വകാര്യ വ്യക്തികളുടെയും ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. സ്ഥലം ഏറ്റെടുക്കൽ ദുഷ്കരമെന്നാണ് കളക്ടർ അറിയിച്ചിട്ടുള്ളത്. ആകാശപാതയുടെ നിർമാണം പൂർത്തിയാക്കാൻ 17.85 കോടി രൂപ ആവശ്യമാണ്. ഇത്രയും തുക ചെലവഴിച്ചു നിർമിച്ചാലും ഭാവിയിൽ റോഡ് വികസനം വരുന്പോൾ ആകാശപാത പൊളിക്കേണ്ടി വരുമെന്നാണ് പാലക്കാട് ഐഐടിയുടെ പഠന റിപ്പോർട്ടിൽ പറയുന്നത്.
കിറ്റ്കോയുടെ നിർമാണത്തിൽ അപാകതയുണ്ടെന്നാണ് പഠന റിപ്പോർട്ട്. അടിസ്ഥാന നിർമാണവും അപര്യാപ്തമാണ്. സ്കൈവാക്കിന് ആറു ലിഫ്റ്റുകളും മൂന്ന് സ്റ്റെയർകെയ്സുകളും ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.
സ്വന്തം ലേഖകൻ