കോട്ടയം: ഒരിടവേളയ്ക്കു ശേഷം കോട്ടയത്തെ ആകാശപാത വീണ്ടും വാര്‍ത്താ വിവാദത്തിലേക്ക്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജില്ലയില്‍ വിവിധപരിപാടികള്‍ക്ക് എത്തിയ ദിവസം തന്നെ ആകാശപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ചവരുത്തിയെന്ന ആരോപണവുമായി സ്ഥലം എംഎല്‍എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്.
തൃശൂരും കൊല്ലത്തും ആകാശപാത പൂര്‍ത്തിയായെന്നും കോട്ടയത്തെ ആകാശപാത നിര്‍മണത്തില്‍ ഒരു അശാസ്ത്രീയതയുമില്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നത്.
ഇതിനിടയില്‍ നഗരത്തില്‍ ആകാശപത നിര്‍മിക്കാന്‍ സാധിക്കില്ലെന്നും ആകാശപാത പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരിക്കുകയാണ്.
തട്ടിക്കൂട്ടി ഇനി നിര്‍മിച്ചാലും നഗരത്തിലെ ജനങ്ങള്‍ക്ക് ആകാശപാതകൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍ പറഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ ആകാശപാതയുടെ നിര്‍മാണത്തില്‍ ഉണ്ടായിട്ടില്ല. സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അനാസ്ഥയാണ് ഉണ്ടായതെന്നും പൊളിച്ചുമാറ്റാന്‍ കോടതി വരെ നിര്‍ദേശിച്ച ആകാശപാതയുടെ കാര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വാശിപിടിക്കുകയാണെന്നും റസല്‍ കുറ്റപ്പെടുത്തി.
2016 ഫെബ്രുവരിയിലായിരുന്നു അഞ്ചു റോഡുകള്‍ സംഗമിക്കുന്ന ശീമാട്ടി റൗണ്ടാനയില്‍ കാല്‍നടയാത്രക്കാര്‍ക്കായി ആകാശപാതയുടെ നിര്‍മാണം തുടങ്ങിയത്. 5.75 കോടി രൂപയുടെ എസ്റ്റിമേറ്റായിരുന്നു. 14 ഇരുമ്പു തൂണിനു മുകളില്‍ 24 മീറ്റര്‍ ചുറ്റളവില്‍ ഇരുമ്പു പ്ലാറ്റ് ഫോം നര്‍മിച്ചു. ഒന്നേമുക്കാല്‍ കോടി ഇതിനകം ചെലവഴിച്ചു. കയറിയിറങ്ങുന്നതിന് എസ്കലേറ്ററും ലിഫ്റ്റും വിഭാവന ചെയ്തിരുന്നു.
തൂണുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ സ്ഥലം ലഭ്യമാകാതെ വന്നോതെട അലൈന്മെന്റില് മാറ്റം വന്നു. ഇതോടെ ഒരു തൂണ് റോഡിനു പുറത്തായി.
മന്ത്രിമാരായ ആന്റണി രാജുവും വി.എന്‍.വാസവനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുമായും ഉദ്യോഗസ്ഥരുമായി ഒരു വര്‍ഷം മുമ്പ് ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
ഇതിനിടയില്‍ ആകാശപാത നിലംപൊത്താന്‍ സാധ്യതയുണ്ടെന്ന ഹര്‍ജി ഹൈക്കോടതിയിലുമെത്തി. എംഎല്‍എ ഹര്‍ജിയില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ വാദം ചോദിച്ചിരിക്കുകയാണ് കോടതി.
തീരുമാനം കോടതിയില്‍ അറിയിക്കും: മന്ത്രിവി.എൻ. വാസവന്
കോട്ടയം: ആകാശപ്പാത പൊളിക്കണമെന്നത് പാര്‍ട്ടിയുടെ തീരുമാനമാണ്. സര്‍ക്കാരിന്റെ തീരുമാനം കോടതിയില്‍ അറിയിക്കുമെന്നും മന്ത്രി വി.എന്‍. വാസവന് പ്രതികരിച്ചു.
ആകാശപാതയുടെ നിര്‍മാണം കിറ്റ്കോയെ ഏല്‍പ്പിക്കരുതായിരുന്നു. അവര്‍ ഉപകരാര്‍ കൊടുക്കുകയാണ് ചെയ്യുന്നത്. തിരുനക്കര മൈതാനം, അയ്മനം സ്റ്റേഡിയം തുടങ്ങി അവര്‍ ഏറ്റെടുത്തതിലെല്ലാം അപാകത ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വാസവന് പറഞ്ഞു.
അശാസ്ത്രീയതയില്ല, തുടർനടപടികൾ സ്വീകരിക്കണം: തിരുവഞ്ചൂർ
കോട്ടയം: ആകാശ നടപ്പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
നിര്‍മാണം അശാസ്ത്രീയമാണെന്നു കഴിഞ്ഞ ഏഴു വര്‍ഷമായി ആരും പറഞ്ഞിട്ടില്ല. പക്ഷേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകാത്ത സാഹചര്യമാണ്.
2014-15 കാലഘട്ടത്തില്‍ നാറ്റ്പാക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു റോഡുകള്‍ സംഗമിക്കുന്ന ശീമാട്ടി റൗണ്ടാനയില്‍ 1,15,256 വാഹനങ്ങളാണു ദിവസവും കടന്നു പോയിരുന്നത്.
ഇതിനാല്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി മേല്‍പ്പാലം പണിയാന്‍ നാറ്റ്പാക് നിര്‍ദേശിക്കുകയായിരുന്നു.സ്ഥലപരിമിതിയുള്ളതിനാല്‍ ആകാശപ്പാത പണിയാന്‍ തീരുമാനിക്കുകയായിരുന്നു.
വിവിധ ഘട്ടങ്ങളിലായി ജില്ലാ കളക്ട്രേറ്റില്‍ ആകാശപ്പാതയുമായി ബന്ധപ്പെട്ട് 11 മീറ്റിംഗുകള്‍ ചേര്‍ന്നിട്ടുണ്ടെന്നും എല്ലാവരും ആകാശപ്പാതയ്ക്കു അനുകൂലമായ സമീപനമാണ് പുലര്‍ത്തിയിരുന്നത്.
ഇതിനുശേഷം പദ്ധതി നടപ്പാക്കിയ കൊല്ലത്തും തൃശൂരിലും പദ്ധതി അവസാനഘട്ടത്തിലാണ്. ആകാശപാതയ്ക്കായി യുഡിഎഫ് സര്‍ക്കാന്റെ കാലത്ത് 5.18 കോടി രൂപയാണ് റോഡ് സുരക്ഷ അഥോറിട്ടി അനുവദിച്ചത്.
ഇതില്‍നിന്നും വിവിധ വിഭാഗങ്ങള്‍ക്കു നൽകിയ തുക സംബന്ധിച്ചു കണക്കുകളും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവതരിപ്പിച്ചു.
കോട്ടയത്ത് ആകാശപാതയ്ക്കു പുറമെ കോടിമത രണ്ടാം പാലം, താലൂക്ക് ഓഫീസ്, നട്ടാശേരി സൂര്യകാലടി മനയിലുള്ള റെഗുലേറ്റര്‍ ബ്രിഡജ്, കഞ്ഞിക്കുഴി മേല്‍പ്പാലം, തച്ചുകുന്ന് കുടിവെള്ള പദ്ധതി, ചിങ്ങവനം സ്പോര്‍ട്സ് കോളജ്, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, വെള്ളൂത്തുരുത്തി പാലം എന്നിവയും മുടങ്ങിക്കിടക്കുകയാണ്.