തിരുവനന്തപുരം : നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുന്നത് പൗരപ്രമുഖരുമായല്ലെന്നും പ്രത്യേക ക്ഷണിതാക്കളുമായാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. അപേക്ഷ നൽകിയാൽ ആർക്കും ക്ഷണിതാവാകാമെന്നും എ.കെ.ബാലൻ കൂട്ടിച്ചേർത്തു.
പ്രത്യേക ക്ഷണിതാവാകാൻ തങ്ങളെ കൂടി വിളിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കോ എംഎൽഎക്കോ ഒരു കത്ത് നൽകിയാൽ മതിയാകും. കൃഷിക്കാരന്റെ പ്രശ്നം ഒരു കർഷകൻ വന്ന് പറയുന്നതിനേക്കാൾ ആ സംഘടനയെ പ്രതിനിധീകരിച്ച് ഒരാൾ വന്ന് പറയുമ്പോൾ നിരവധിപ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിയും.
എല്ലാ മേഖലയിലും അങ്ങനെ തന്നെ. മുഖ്യമന്ത്രി അവർക്ക് മറുപടി നൽകുമെന്ന് എ.കെ.ബാലൻ പറഞ്ഞു. നവകേരള സദസിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത് പൗരപ്രമുഖരുമായാണ് എന്ന വാർത്തകളോട് പ്രതികരിച്ചു കൊണ്ടാണ് എ.കെ.ബാലൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.