തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ പ്രതികരണവുമായി എ. കെ ബാലൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വിശ്രമിക്കുന്നതിനു വേണ്ടിയാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയത്, അതിലെന്താണ് ഇത്ര പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു.
വിദേശയാത്ര നടത്താൻ മുഖ്യമന്ത്രിക്ക് എവിടുന്നാണ് പണമെന്ന് ചോദിക്കുന്നതിൽ എന്ത് അർഥമാണുള്ളത്. ഒന്നേകാൽ ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന മുഖ്യമന്ത്രിക്ക് വിദേശത്ത് പോകാൻ ബുദ്ധിമുട്ടില്ല. ഇവിടെ പല മന്ത്രിമാരും, പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണ് മുഖ്യമന്ത്രി പോയതിൽ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു. ആ ദിവസമാണ് ഞായറാഴ്ച. അതുപോലും മുഖ്യമന്ത്രിക്ക് കഴിയില്ലെന്നാണോ പറയുന്നത്? വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളെല്ലാം വെറും കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും വ്യക്തതവരുത്തിയിട്ടും വീണ്ടുവീണ്ടും സംശയങ്ങള്‍ ഉണ്ടാകുന്നത് എന്തോ ഒരു തകരാറായിട്ടാണ് തനിക്ക് തോന്നുന്നതെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.