തിരുവനന്തപുരം: രാജ്ഭവന് ആര്‍എസ്എസ് കേന്ദ്രമായി മാറിയെന്നും ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതെന്നും സിപിഎം നേതാവ് എ.കെ. ബാലന്.
ഗവര്‍ണറുടെ ചെയ്തികളോട് കേരളത്തിന് സഹിക്കാനാവില്ലെന്നതിന്റെ തെളിവാണ് കോളജുകളിലെ തെരഞ്ഞെടുപ്പ്. എസ്എഫ്ഐയെ കുറിച്ച് ഗവര്‍ണര്‍ പറഞ്ഞത് ക്രിമിനലുകളാണെന്നാണ്. ഗവര്‍ണര്‍ പറഞ്ഞ ഈ ക്രിമിനലുകളാണ് കേരളത്തിലെ ഭൂരിപക്ഷം കോളജുകളും ജയിച്ചിട്ടുള്ളത്.
ചിലയിടത്ത് എതിരാളികളില്ലാതെയാണ് ജയം. ഇതുപോലെ എസ്എഫ്ഐക്ക് വിജയമുണ്ടായ ഒരു കാലഘട്ടം ഇല്ല. അത് ഗവര്‍ണറുടെ സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാനു മുന്‍പ് ജസ്റ്റീസ് പി. സദാശിവം ആയിരുന്നു കേരള ഗവര്‍ണര്‍. അദ്ദേഹം ചീഫ് ജസ്റ്റീസ് ആയിരുന്നു. ഭരണഘടനപരാമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് മാതൃകയായിരുന്നു.
കേരള നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് അറിയാമായിരിന്നിട്ട് പോലും അത് അംഗീകരിച്ചുകൊണ്ട് തെരഞ്ഞെടുത്ത സര്‍ക്കാരിനെ മാനിക്കുന്ന സമീപനമാണ് അദ്ദേഹം കാട്ടിയത്. ആ പാതയില്‍ നിന്ന് എത്രയോ അകലെയാണ് ഇപ്പോഴത്തെ ഗവര്‍ണര്‍.
ഭരണഘടന 153 പ്രകാരം ഒരു ഗവര്‍ണര്‍ വേണം എന്നുള്ളത് സത്യമാണ്. അഞ്ച് വര്‍ഷമാണ് അദ്ദേഹത്തിന്റെ കാലാവധി. പിന്നീട് വേണമെങ്കില്‍ നീട്ടികൊടുക്കാം. ഈ നീട്ടിക്കൊടുത്ത ആനുകൂല്യം പറ്റിയാണ് ഗവർണർ വെല്ലുവിളി നടത്തുന്നതെന്നും ബാലൻ പറഞ്ഞു.