കൂത്തുപറമ്പ്: സാധാരണയായി വീട്ടുമുറ്റത്ത് പൂന്തോട്ടമാണ് ഉണ്ടാവുകയെങ്കിൽ കൂത്തുപറമ്പിനടുത്ത് പുറക്കളത്തെ പുതിയാണ്ടി അക്ബറിന്റെ വീട്ടുമുറ്റത്ത് കാണുക വലിയ വിദേശനിർമിത ഗ്രോബാഗിനകത്ത് പൂവിട്ടിരിക്കുന്ന വിവിധയിനം മാവുകളും തെങ്ങിൻ തൈകളുമൊക്കെയാണ്.
വൈവിധ്യമാർന്ന കൃഷികളൊരുക്കി പുരയിടം ഹരിതാഭമാക്കിയിരിക്കുകയാണ് പ്രവാസിയായ അക്ബർ. കൃഷിയോടുള്ള താത്പര്യത്തൊടൊപ്പം വീട്ടുപരിസരത്ത് തണൽ ഒരുക്കുകയെന്ന ഉദ്ദേശത്തോടും കൂടിയാണ് വ്യത്യസ്ത തരത്തിലുള്ള ഫലവൃക്ഷങ്ങൾ ഉൾപ്പെടെ ഇദ്ദേഹം കൃഷിചെയ്യുന്നത്.
ഖത്തറിൽ കൃഷി- മൃഗസംരക്ഷണ വകുപ്പിൽ 30 വർഷത്തോളമായി ഉദ്യോഗസ്ഥനാണ് അക്ബർ. ഗൾഫ് രാജ്യങ്ങളിൽ പന വെച്ചു പിടിപ്പിക്കാൻ ഉപയോഗിക്കുന്ന വലിയ ഗ്രോബാഗിൽ വിദേശയിനം ഉൾപ്പെടെയുള്ള വ്യത്യസ്ത തരം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം.
ആദം ആപ്പിൾ, ചെമ്പട്ടേക്ക്, മിറാക്കിൾ ഫ്രൂട്ട്, സീതപ്പഴം, ഇരുപതോളം ഇനങ്ങളിലുള്ള മാമ്പഴം, ബട്ടർഫ്രൂട്ട്, വൈറ്റ് ജമൂൺ തുടങ്ങി നിരവധി ഇനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നു.
50 സെന്റിലധികം വരുന്ന വീട്ടുപറമ്പിൽ തെങ്ങ്,കവുങ്ങ്,വാഴ, കുരുമുളക്, പാഷൻ ഫ്രൂട്ട്, സപ്പോട്ട, പപ്പായ തുടങ്ങിയ വിവിധ കൃഷികളും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്.
വർഷത്തിൽ രണ്ടു മാസത്തെ ലീവിന് നാട്ടിൽ എത്തുന്ന ഇദ്ദേഹം ഭൂരിഭാഗം സമയവും കൃഷിപ്പണിയിലാണ്. ഭാര്യയും വിദ്യാർഥിയായ മകനും എല്ലാവിധ സഹായ സഹകരണങ്ങളുമായി ഇദ്ദേഹത്തിനൊപ്പം കൃഷിയിൽ സജീവമാണ്. കോഴി,പശു,മത്സ്യം എന്നിവയേയും വളർത്തുന്നുണ്ട്.
വീടും പരിസരവും പ്രകൃതി സൗഹൃദമാക്കി അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കാനും ഉദ്ദേശിച്ചാണ് ഇദ്ദേഹം വ്യത്യസ്തങ്ങളായ കൃഷികൾ ചെയ്യുന്നത്. പറമ്പിൽ വരമ്പെടുത്ത് മഴവെള്ളം ഭൂമിയിലേക്ക് ഊർന്നിറങ്ങാൻ അനുവദിക്കും.
മുറ്റത്ത് ടൈൽസോ ഇന്റർലോക്കോ പാകിയിട്ടില്ല. അതിനാൽ വീട്ടു കിണറിൽ ഉയർന്ന നിലയിൽ വെള്ളമുണ്ടാവും. കുടിവെള്ള ക്ഷാമത്താൽ ബുദ്ധിമുട്ടുന്ന പരിസരവാസികൾക്കും ഇതൊരു അനുഗ്രഹമാണെന്നു അക്ബർ പറഞ്ഞു.ജോലിയിൽ നിന്നും വിരമിച്ച ശേഷം ഒരു ഫാം തുടങ്ങണമെന്ന ആഗ്രഹവും ഇദ്ദേഹത്തിനുണ്ട്.
വീടിനു പരിസരത്തെ പൊതുസ്ഥലങ്ങളിൽ ഇദ്ദേഹം പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ ഉൾപ്പെടെ വെച്ചു പിടിപ്പിക്കുന്നുണ്ട്.