ന്യൂഡൽഹി: കേന്ദ്ര വിദേശ സഹമന്ത്രിയും മുൻ മാധ്യമപ്രവർത്തകനുമായ എം.ജെ. അക്ബറിനെതിരേ വീണ്ടും ലൈംഗിക ആരോപണം.ഏഷ്യൻ ഏജ് ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്ററായിരുന്ന സുപർണ ശർമയാണ് അക്ബറിനെതിരേ ഒടുവിൽ ആരോപണവുമായി രംഗത്ത് എത്തിയത്. പത്രത്തിന്റെ പേജ് ചെയ്തു കൊണ്ടിരുന്ന സമയത്ത് അക്ബർ പുറകിലൂടെയെത്തി മോശമായി പെരുമാറിയെന്നാണ് സുപർണയുടെ ആരോപണം.
അക്ബറിനെതിരേ രംഗത്തെത്തുന്ന ആറാമത്തെ സ്ത്രീയാണ് സുപർണ. ഇതോടെ അകബറിന്റെ മന്ത്രിപദം തെറിച്ചേക്കുമെന്നാണ് റിപ്പോർട്ട് . അതേസമയം സംഭവത്തിൽ അന്വേഷണം ഉണ്ടാവണമെന്ന് മേനക ഗാന്ധി ആവശ്യപ്പെട്ടു. വെളിപ്പെടുത്തൽ വന്ന ശേഷം ആദ്യമായാണ് ഒരു ബിജെപി നേതാവ് വിഷയത്തിൽ പ്രതികരിക്കുന്നത്.
അന്വേഷണം തീർച്ചയായും ഉണ്ടാവണം. അധികാരത്തിൽ ഇരിക്കുന്ന പുരുഷൻമാർ എപ്പോഴും ചെയ്യുന്ന കാര്യമാണിത്. മാധ്യമ രംഗത്തും രാഷ്ട്രീയ മേഖലയിലും കന്പനികളിലും ഇതുണ്ട്. ഇപ്പോൾ സ്ത്രീകൾ പ്രതികരിക്കാൻ തയ്യാറാവുന്നുണ്ട്. നാമത് ഗൗരവത്തിൽ തന്നെ എടുക്കണം.
മറ്റുള്ളവർ എന്ത് കരുതും, സ്വഭാവശുദ്ധിയെ സംശയിക്കുമോ എന്നെല്ലാമുള്ള ഭയം കാരണമാണ് സ്ത്രീകൾ ഇക്കാര്യങ്ങൾ പുറത്തു പറയാൻ മടിക്കുന്നത്. ഇപ്പോൾ പുറത്ത് വരുന്ന ഓരോ ആരോപണത്തിലും നടപടി എടുക്കാൻ നാം തയ്യാറാവണമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. താങ്കൾ ഒരു വനിതാ മന്ത്രിയാണ്, സഹമന്ത്രിക്കെതിരായ ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണം നടത്തുമോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയാതെ സുഷമ നടന്നു പോയി. നൈജീരിയയിൽ സന്ദർശനത്തിനു പോയ എം.ജെ. അക്ബർ ആരോപണങ്ങളോടു പ്രതികരിച്ചിട്ടില്ല.
പാർട്ടി പരിപാടികളെ കുറിച്ച് പ്രതികരിക്കാനായി വാർത്താ സമ്മേളനം വിളിച്ച ബിജെപി വക്താവ് സാംബിത് പാത്ര എം.ജെ അക്ബറുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. തന്നെ ചുമതലപ്പെടുത്തിയത് മറ്റ് വിഷയങ്ങൾ സംസാരിക്കാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലൈവ് മിന്റ് നാഷണൽ ഫീച്ചേഴ്സ് എഡിറ്റർ പ്രിയ രമണിയാണ് മന്ത്രി എം.ജെ. അക്ബറിനെതിരെ ആദ്യമായി ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്. 1997ൽ നടന്ന സംഭവമാണ് അവർ ഭാഗികമായി പരാമർശിച്ചത്. ടെലഗ്രാഫ് പത്രത്തിന്റെ സ്ഥാപക എഡിറ്റർ കൂടിയായ അക്ബർ മാധ്യമ മേഖലയിൽ തിളങ്ങി നിന്നിരുന്ന സമയം, ആ രംഗത്ത് പുതുമുഖമായിരുന്ന പ്രിയ, അക്ബർ വിളിച്ചതു പ്രകാരം മുംബൈയിലെ ഹോട്ടലിൽ രാത്രി ഏഴിനു ചെന്നു. ജോലിക്കുള്ള അഭിമുഖത്തിനെന്ന് പറഞ്ഞായിരുന്നു പ്രിയയെ വിളിച്ചത്. എന്നാൽ, അക്ബറിൽനിന്നു മോശമായ അനുഭവമാണ് ഉണ്ടായതെന്നും തനിക്ക് മദ്യം വാഗ്ദാനം ചെയ്തെന്നും പ്രിയ ആരോപിച്ചു.
പ്രിയാ രമണി ഒരു വർഷം മുന്പ് ഒരു മാസികയിൽ ഈ സംഭവത്തെപ്പറ്റി എഴുതിയിരുന്നെങ്കിലും അക്ബറുടെ പേര് പറഞ്ഞിരുന്നില്ല. തിങ്കളാഴ്ചയാണു പേര് വെളിപ്പെടുത്തിയത്. അതോടെ പ്രേരണാസിംഗ് ബിന്ദ്ര, സുജാത ആനന്ദൻ, ഷുമ രാഹ, ഹരീന്ദർ ബവേജ എന്നീ മാധ്യമപ്രവർത്തകർ അക്ബറിൽ നിന്നുള്ള മോശം അനുഭവങ്ങൾ വിവരിച്ചു രംഗത്തുവന്നു.
സൺഡേ വാരിക, ടെലഗ്രാഫ് ദിനപത്രം, ഏഷ്യൻ ഏജ് ദിനപത്രം തുടങ്ങിയവയുടെ പത്രാധിപർ ആയിരുന്നു അക്ബർ. 1989-ൽ ബിഹാറിലെ കിഷർഗഞ്ജിൽ നിന്നു കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തി. 1991ൽ പരാജയപ്പെട്ടു. ഏതാനും വർഷം മുന്പ് ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അറുപത്തേഴുകാരനായ അക്ബർ. ഏതാനും ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ്.