നിലമ്പൂര്‍: വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച നടത്തുന്ന പ്രതി നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി. വഴിക്കടവ് പൂവത്തിപൊയില്‍ വാക്കയില്‍ അക്ബര്‍ (53) ആണ് പിടിയിലായത്.
നവംബര്‍ 19 ന് നിലമ്പൂര്‍ വീട്ടിച്ചാല്‍ തേക്കുതോട്ടം പഠിപ്പുരക്കല്‍ വിലാസിനിയുടെ വീട് കുത്തിതുറന്ന് സ്വര്‍ണ കൈചെയിനും മോതിരവും 1000 രൂപയും മോഷ്ടിച്ച കേസിലാണ് ഇയാളെ നിലമ്പൂര്‍ സിഐ സുനില്‍ പുളിക്കല്‍ അറസ്റ്റ് ചെയ്തത്.
രാത്രി ട്രെയിനില്‍ യാത്ര ചെയ്ത് ലൈറ്റുകള്‍ തെളിയാത്ത വീടുകള്‍ കണ്ടാല്‍ അത്തരം വീടുകളില്‍ മോഷണം നടത്തുകയാണ് ഇയാളുടെ രീതി. മോഷണം നടത്തുന്ന വീടിന്റെ പരിസരത്ത് നിന്നു ലഭിക്കുന്ന ആയുധങ്ങള്‍ കൊണ്ടാണ് വീട് കുത്തിതുറക്കാറ്.
മോഷ്ടിച്ച സാധനങ്ങള്‍ വില്‍പ്പന നടത്തി ആര്‍ഭാട ജീവിതം നയിക്കുകയാണ് പതിവ്. വണ്ടൂര്‍, കരുവാരകുണ്ട് സ്റ്റേഷനുകളിലുള്‍പ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയായാണ് ഇയാള്‍.
പ്രതിയെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് സിഐയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. മേലാറ്റൂര്‍ ഭാഗത്തു നിന്നു നിലമ്പൂരിലേക്ക് ട്രെയിനില്‍ വരുമ്പോഴാണ് വീട്ടിച്ചാല്‍ വിലാസിനിയുടെ വീട്ടില്‍ ലൈറ്റ് അണച്ച നിലയില്‍ പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്നു നിലമ്പൂരില്‍ ട്രെയിന്‍ ഇറങ്ങിയ ശേഷം ഒരു കിലോമീറ്ററിലേറെ നടന്നാണ് ഇയാള്‍ സ്ഥലത്തെത്തിയത്. വീടിന്റെ മുന്‍വാതിലിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. ഹോം നഴ്സായ വിലാസിനിയും പ്ലസ് ടു വിദ്യാര്‍ഥിയായ മകനും വീട്ടില്‍ ഇല്ലായിരുന്നു.
വിലാസിനി വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് നിലമ്പൂര്‍ പോലീസില്‍ പരാതി നല്കി. അതിനിടെ കരുവാരകുണ്ട് കിഴക്കേത്തലയില്‍ നിന്നു വീടിന്റെ വാതില്‍ പൊളിച്ച് 10 പവനോളം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലും ഇയാള്‍ കരുവാരകുണ്ട് പോലീസിന്റെ പിടിയിലായി.
ഇതോടെയാണ് പോലീസ് പ്രതിയെ നിലമ്പൂരിലെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.