കോൽക്കത്ത: പശ്ചിമബംഗാളിലെ സഫാരി പാർക്കിൽ ‘സീത’ എന്നു പേരുള്ള പെൺസിംഹത്തെ ‘അക്ബർ’ എന്നു പേരുള്ള ആൺസിംഹത്തോടൊപ്പം ഒരേ കൂട്ടിലാക്കിയതിനെതിരേ വിശ്വഹിന്ദു പരിഷത്ത് നൽകിയ ഹർജി ഇന്ന് കൽക്കട്ട ഹൈക്കോടതി പരിഗണിക്കും. സിലിഗുരി സഫാരി പാർക്കിലെ സിംഹജോഡികളെച്ചൊല്ലിയാണു പുതിയ വിവാദം.
സീത, അക്ബർ നാമധാരികളെ ഒരുമിച്ചു താമസിപ്പിക്കുന്നത് ഹിന്ദുക്കൾക്കും സനാതന ധർമത്തിനുമെതിരായ അവഹേളനമാണെന്നും പേരു മാറ്റണമെന്നും ആവശ്യപ്പെട്ടു കൽക്കട്ട ഹൈക്കോടതിയുടെ ജൽപയ്ഗുരി സർക്യൂട്ട് ബെഞ്ച് മുന്പാകെയാണ് വിഎച്ച്പി ഹർജി നൽകിയത്.
സിംഹജോഡികൾക്കു ‘സീത’യെന്നും ‘അക്ബറെ’ന്നും പേരിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ ആദ്യംമുതൽ ചില സംഘടനകൾ രംഗത്തു വന്നിരുന്നു. എന്നാൽ, തങ്ങളായിട്ട് സിംഹങ്ങളുടെ പേരു മാറ്റിയിട്ടില്ലെന്നും ത്രിപുരയിലെ കാഴ്ചബംഗ്ലാവിലും ഈ മൃഗങ്ങളെ ‘സീത’യെന്നും ‘അക്ബറെ’ന്നുമാണ് വിളിച്ചിരുന്നതെന്നുമാണ് വനംവകുപ്പ് പറയുന്നത്.