കൂത്തുപറമ്പ്: മനുഷ്യത്വം എന്തെന്നറിയാതെ അഹങ്കാരം തലക്കുപിടിച്ച പോലീസ് ഉദ്യോഗസ്ഥർക്കിടയിലും മനസിൽ നന്മ കാത്തുസൂക്ഷിക്കുന്ന ചിലരെങ്കിലും ഉണ്ടെന്ന് മനസിലാക്കാൻ തനിക്കൊരു യാത്ര നിമിത്തമായെന്ന് കോഴിക്കോട്ടെ ഇ.എൻ.ടി.സ്പെഷലിസ്റ്റ് ഡോ.മുഹമ്മദ് കുഞ്ഞി ഫേസ് ബുക്കിൽ കുറിച്ചപ്പോൾ അതിലൂടെ താരപരിവേഷം ലഭിച്ചത് കണ്ണൂരിലെ റെയിൽവേ എഎസ് ഐ പി.കെ അക്ബറിന്.
കണ്ണൂരിലെ ഒരു മീറ്റിംഗ് കഴിഞ്ഞ് കോഴിക്കോട്ടേക്കുള്ള മടക്കയാത്രയിൽ തലകറക്കമനുഭവപ്പെട്ട് പ്രയാസപ്പെട്ടപ്പോഴായിരുന്നു സാന്ത്വനവുമായി ഇദ്ദേഹത്തിന്റെ അടുത്തേക്ക് അക്ബർ എത്തിയത്.ഈ മാസം 13നായിരുന്നു സംഭവം. സംഭവത്തെകുറിച്ച് ഡോക്ടർ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ:
കണ്ണൂരിലെ മീറ്റിംഗിൽ പങ്കെടുത്ത് കോഴിക്കോട്ടേക്ക് മടങ്ങാൻ ട്രെയിൻ ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് ഡോക്ടർക്ക് തലകറക്കം അനുഭവപ്പെട്ടത്.
അതിനാൽ അവിടെയുള്ള സീറ്റിലിരുന്നു. ട്രെയിൻ കൃത്യസമയത്ത് എത്തിയെങ്കിലും എഴുന്നേൽക്കാൻ പോലുമാവാത്തതിനാൽ ട്രെയിനിൽ കയറാനായില്ല. ക്ഷീണത്തിന്റെ മയക്കത്തിലായപ്പോൾ പതുക്കെ തട്ടി വിളിക്കുന്നത് കേട്ടാണ് ഡോക്ടർ മയക്കത്തിൽ നിന്നും ഉണർന്നത്. ‘സാർ എന്താണിവിടെ കിടക്കുന്നത്? എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ചോദ്യം കേട്ട് ഉണർന്നു നോക്കിയപ്പോൾ സമീപത്ത് ഒരു പോലീസ് ഓഫീസർ നിൽക്കുന്നു.
വയ്യാതെ കിടക്കുകയാണെങ്കിലും ആ ചോദ്യം മനസിന് വല്ലാതൊരു കുളിർമ നൽകിയതായി ഡോക്ടർ പറയുന്നു.സാറിനെ റെയിൽവേ ഹോസ്പിറ്റലിലേക്കു കൊണ്ടു പോകാം, അല്ലെങ്കിൽ ഡോക്ടറെ ഇങ്ങോട്ടു വരുത്താമെന്നു കൂടി പോലീസ് ഓഫീസർ പറഞ്ഞപ്പോൾ ചെറിയ തലകറക്കമാണെന്നും അല്പം വിശ്രമിച്ചാൽ മാറുമെന്നും പറഞ്ഞ് ഡോക്ടർ ഒഴിഞ്ഞുമാറി.
എന്നാൽ സോഡയോ ചായയോ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഒന്നും വേണ്ടന്നായിരുന്നു ഡോക്ടറുടെ മറുപടി. എന്നെ ശുശ്രൂഷിക്കാൻ ഉത്തരവാദപ്പെട്ട ആരോ നിയോഗിച്ചതു പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും മനുഷ്യത്വത്തിന്റേയും സഹാനുഭൂതിയുടേയും മുഖമാണ് ഞാൻ അവിടെ കണ്ടതെന്നും ഡോക്ടർ ഫേസ് ബുക്കിൽ കുറിച്ചു.
വൈകുന്നേരം ആറോടെ യശ്വന്തപുരം ട്രെയിൻ എത്തിയപ്പോൾ മറ്റൊരു പോലീസ് കോൺസ്റ്റബിളിനേയും കൂട്ടി ഡോക്ടറെ കംപാർട്ടുമെന്റിൽ കയറ്റുകയും അതിലൊരു യാത്രക്കാരിയോട് കോഴിക്കോട് വരെ ഒന്ന് ശ്രദ്ധിക്കണമെന്നും ഇറങ്ങാൻ സഹായിക്കണമെന്നു മെല്ലാം ആ പോലീസ് ഓഫീസർ പറഞ്ഞേൽപ്പിക്കുകയും ചെയ്തു. ട്രെയിൻ പുറപ്പെട്ടപ്പോൾ ഷാജി, പുരുഷോത്തമൻ എന്നീ കോൺസ്റ്റബിൾമാരും കോഴിക്കോട് എത്തുന്നതു വരെ ഇടയ്ക്കിടെ എന്റെ അടുത്ത് വന്നിരുന്ന് കാര്യങ്ങൾ അന്വേഷിച്ചതായും കാക്കിക്കുള്ളിലെ മഹത്വം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്നും ഡോക്ടർ ഫേസ് ബുക്കിൽ കുറിക്കുന്നു.
ഈ സംഭവം ഫേസ്ബുക്കിലൂടെ വായിച്ച് നിരവധി പേരാണ് എഎസ്ഐ അക്ബറിനും റെയിൽവേ പോലീസിനും അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഒട്ടേറെ പേർ ലൈക്കും ഷെയറും ചെയ്തതോടെ കുറിപ്പ് വൈറലുമായി. കഴിഞ്ഞ ഒരു വർഷമായി കണ്ണൂർ റെയിൽവേ എഎസ്ഐയായി ജോലി ചെയ്യുന്ന പി.കെ.അക്ബർ എന്ന നാൽപ്പത്തിയെട്ടുകാരൻ മട്ടന്നൂർ കട്ടൻ കവർ സ്വദേശിയാണ്.ജനമൈത്രി പോലീസിന്റെ ചുമതല കൂടിയുണ്ട് ഇദ്ദേഹത്തിന്.