ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി എം.ജെ അക്ബറിന്റെ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തക പ്രിയ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി.
മാനനഷ്ടക്കേസ് എം.ജെ അക്ബറിന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് തള്ളി.
ലൈംഗീക പീഡനം ആരോപിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
സ്ത്രീകൾക്ക് അവർ നേരിട്ട ലൈംഗീക അതിക്രമം ഏതു സമയത്തും ഏതൊരു ഫോറത്തിലും ഉന്നയിക്കാൻ ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്ന് കോടതി പറഞ്ഞു.
രഹസ്യ സ്വഭാവത്തിലായിരിക്കും മിക്കപ്പോഴും ലൈംഗീക പീഡനം നടക്കുക.
അവരുടെ സ്വഭാവത്തിനു കളങ്കം ഉണ്ടാകുമെന്ന കാരണത്താൽ ഭൂരിപക്ഷം സ്ത്രീകളും ഇത്തരം പീഡനങ്ങൾ പുറത്തുപറയാൻ മടിക്കുമെന്നും കോടതി നിരീക്ഷിച്ചു.