കോട്ടയം: വില്ലേജ് ഓഫീസുകളിൽനിന്നും ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള കാലതാമസം മൂലം നിരവധിയാളുകൾ ബുദ്ധിമുട്ടുന്നു. കൃത്യസമയത്ത് ജാതി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ സാധിക്കാത്തിനാൽ പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കാതെ പോകുകയാണ്.
സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ ബന്ധപ്പെടുന്പോൾ നിരവധി നിർദേശങ്ങൾ വയ്ക്കുന്നതോടെയാണു സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നത്. അക്ഷയ സെന്ററിലെത്തി ഓണ്ലൈനായി വില്ലേജിലേക്ക് അപേക്ഷ നല്കുകയാണു സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ചെയ്യേണ്ട ആദ്യനടപടി. ഇത്തരത്തിൽ അപേക്ഷ നല്കുന്പോൾ യാതൊരു നിർദേശവും അക്ഷയ സെന്ററിൽനിന്നും അപേക്ഷ നല്കുന്ന വ്യക്തികളോടു പറയാറില്ല.
ദിവസങ്ങൾക്കുശേഷം വില്ലേജ് ഓഫീസിൽനിന്നും അറിയിപ്പ് വരുന്പോൾ മാത്രമാണു മറ്റു രേഖകൾ കൂടി കൊണ്ടുവന്നാൽ മാത്രമേ ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സാധിക്കൂവെന്നു അക്ഷയ സെന്ററിൽനിന്നും അപേക്ഷകനെ അറിയിക്കുന്നത്. ഇത്തരത്തിൽ അറിയിപ്പ് ലഭിക്കുന്നത് അപേക്ഷ നല്കി ദിവസങ്ങൾ കഴിഞ്ഞശേഷവുമായിരിക്കും.
ഒരു വ്യക്തിയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റും മറ്റു രേഖകളും പരിശോധിച്ചു ജാതി സർട്ടിഫിക്കറ്റ് നല്കാമെന്നിരിക്കെ അപേക്ഷകന്റെ പിതാവിന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ കൂടി പരിശോധിച്ചശേഷമേ ജാതി സർട്ടിഫിക്കറ്റ് നല്കാനാവൂ എന്നാണു വില്ലേജ് ഓഫീസ് അധികൃതർ പറയുന്നത്.
പിതാവിന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പിതാവിന്റെ സഹോദരന്റെ സർട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നത്. പരന്പരാഗതമായി ഈ ജാതിയിൽപ്പെട്ടവരാണോയെന്നു തെളിയിക്കുന്നതിനാണു ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നാണ് അധികൃതർ നല്കുന്ന വിശദീകരണം.
അല്ലെങ്കിൽ ഒരേ ജാതിയിൽപ്പെട്ട എസ്എസ്എൽസി പാസായ 40 വയസിനു മുകളിൽ പ്രായമുള്ള രണ്ടുപേർ വില്ലേജ് ഓഫീസിൽ ഹാജരായി ഒപ്പിട്ടു കൊടുത്തെങ്കിൽ മാത്രമേ ജാതി തെളിയിക്കാൻ സാധിക്കൂ. എന്നാൽ നേരിട്ട് അറിയാവുന്നവർ വില്ലേജ് ഓഫീസിലുണ്ടെങ്കിൽ ഇതിന്റെ ആവശ്യം വരുന്നില്ലെന്നും പറയപ്പെടുന്നു.
കഴിഞ്ഞ വർഷം ജാതി സർട്ടിഫിക്കറ്റ് ലഭിച്ചവരുടെ പക്കലുള്ള ഫോട്ടോകോപ്പികൾ ഹാജരാക്കിയാലും പിതാവിന്റെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണെന്നും പരാതിയുണ്ട്. മതം മാറി പോയവർക്ക് അവരുടെ രേഖകൾ ഹിന്ദുവായതുകൊണ്ടു സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഇതു തടയുന്നതിനാണു കർശനമായി വിവിധ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നതെന്നും കോട്ടയം താലൂക്ക് ഓഫീസ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം തഹസിൽദാറുമായി എകെസിഎച്ച്എംഎസ് ജനറൽ സെക്രട്ടറി കല്ലറ പ്രശാന്തുമായി നടത്തിയ ചർച്ചയിൽ കുറച്ചുപേർക്കു ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാഹചര്യമുണ്ടായി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകൾക്കു ജാതി സർട്ടിഫിക്കറ്റ് ഉടനടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു എകെസിഎച്ച്എംഎസിന്റെ നേതൃത്വത്തിൽ മന്ത്രി എ.കെ. ബാലനു പരാതി നല്കും. സർട്ടിഫിക്കറ്റ് നല്കുന്നതു അന്വേഷണം നടത്തിമതിയെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതു ഒഴിവാക്കണമെന്നും കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു.