കോട്ടയം: പട്ടികജാതി സർട്ടിഫിക്കറ്റ് തഹസിൽദാർ ഓഫീസിൽനിന്ന് അനുവദിക്കുന്നതിനാവശ്യമായ ഉദ്യോഗസ്ഥ നിബന്ധനകൾ പട്ടികജാതി വിഭാഗങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ. സർട്ടിഫിക്കറ്റ് ആവശ്യമുള്ള വ്യക്തിക്ക് തന്റെ അച്ഛന്റെ സർട്ടിഫിക്കറ്റ്, സമുദായ സർട്ടിഫിക്കറ്റ്, അയൽപക്കത്തുള്ള രണ്ടുപേരുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങി നിരവധി കാര്യങ്ങൾ നിരത്തി സർട്ടിഫിക്കറ്റ് ആവശ്യമായ സമയത്ത് ലഭിക്കാതെ വരുത്തുന്നതും, ലഭിക്കാതെയിരിക്കുന്നതും ജനങ്ങളെ ദുരതത്തിലാഴ്ത്തുന്നു.
ഈ ആവശ്യമുന്നയിച്ച് പലവട്ടം സമരങ്ങൾ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിൽ ചേരമർ ഹിന്ദു മഹാസഭ വിവിധ പട്ടികജാതി സമുദായങ്ങളെ അണിനിരത്തി ഈ ആവശ്യം സാധൂകരിച്ചുകിട്ടുന്നതിനുവേണ്ടി സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് അറിയിച്ചു.
ചങ്ങനാശേരിയിൽ നടന്ന സംസ്ഥാന കൗണ്‍സിലിൽ പ്രസിഡന്റ് എം.കെ. വിജേന്ദ്രൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് വിഷയം അവതരിപ്പിച്ചു. ജാതീയ പീഡനത്തിൽ മരിച്ച ഡോ. പായൽ തഡ്വിക്കുവേണ്ടി യോഗം അനുശോചനം അർപ്പിച്ചു. ഇന്ത്യയിൽ ജാതീയ പീഡനങ്ങൾ തുടരുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
ട്രഷറർ കെ. കുട്ടപ്പൻ, വൈസ് പ്രസിഡന്റുമാരായ എം.കെ. അപ്പുക്കുട്ടൻ, പി.ജി. അശോക് കുമാർ, സെക്രട്ടറിമാരായ കെ.കൃഷ്ണൻകുട്ടി, ജി.കെ. രാജപ്പൻ, അജി മല്ലപ്പള്ളി, കെ.കെ. കരുണാകരൻ, ഒ.കെ. സാബു, സുനിൽകുമാർ വടക്കേക്കര, കെ.സി. മനോജ്, തങ്കച്ചൻ മ്യാലിൽ, വിജയൻ വൻമഴി തുടങ്ങിയവർ പ്രസംഗിച്ചു.