ഏറ്റുമാനൂർ: രണ്ടു വർഷക്കാലമായി കേരളത്തിലെ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് പ്രഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷധിച്ച് 19ന് യൂണിയൻ, ശാഖാ തലങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ.
ഇതേ ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. പട്ടിക വിഭാഗങ്ങളുടെ ഫണ്ട് തിരിമറി നടത്തി മന്ത്രിമാർക്ക് കാറുകൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും വകമാറ്റി ചെലവാക്കിയത് പട്ടികവിഭാഗങ്ങളോടുള്ള അവഗണനയെന്ന് വടക്കൻ മേഖലാ സമ്മേളനം കുറ്റപ്പെടുത്തി.
ഏറ്റുമാനൂർ സഹകരണ ബാങ്ക് ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചൻ മ്യാലിൽ, സെക്രട്ടറി പി.ജി. അശോക് കുമാർ, ട്രഷറർ കെ. കുട്ടപ്പൻ, എക്സിക്യൂട്ടീവ് അംഗളായ ഒ.കെ. സാബു, രാജൻ നാല്പാത്തിമല എന്നിവർ പ്രസംഗിച്ചു.
വടക്കൻ മേഖലയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ അവിട്ടം ജന്മദിനാഘോഷ സ്വാഗത സംഘം കമ്മിറ്റി ചെയർമാനായി ഏറ്റുമാനൂർ യൂണിയൻ പ്രസിഡന്റുമായ സജി വള്ളോകുന്നേലിനെയും മീനച്ചിൽ യൂണിയൻ സെക്രട്ടറിയായ ജി. മനോജിനെ കണ്വിനറായും 51 അംഗ കമ്മിറ്റിയേയും തെരഞ്ഞടുത്തു.