നന്ദി ബലറാം നന്ദി ! എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം വിറ്റു തീര്‍ന്നു; ‘എന്റെ ജീവിതകഥ’യുടെ ഒറ്റ കോപ്പി പോലും ഇപ്പോള്‍ കേരളത്തില്‍ കി്ട്ടാനില്ല

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ ഒരു തരത്തില്‍ ഉര്‍വശീ ശാപം പോലെയായി. വിവാദം കത്തിപ്പടര്‍ന്നതോടെ കൂടുതല്‍ പേര്‍ എകെജിയെ അറിയാനും വായിക്കാനും ശ്രമങ്ങളാരംഭിച്ചതോടെ എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റു പോയത്. എന്തായാലും ഇതുവഴി കൂടുതല്‍ പേരിലേക്ക് എകെജി എത്തുകയും ചെയ്തു.

എകെജിയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ബലറാം വിവാദപരാമര്‍ശം നടത്തിയത് എന്നതിനാല്‍ എകെജിയുടെ ആത്മകഥയായ എന്റെ ജീവിതകഥ വന്‍തോതിലാണ് പോയ ദിവസങ്ങളില്‍ വിറ്റു പോയത്. ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. വിവാദം ചൂടുപിടിച്ചതോടെ എന്റെ ജീവിതകഥയുടെ പതിമൂന്നാം പതിപ്പ് മുഴുവന്‍ വിറ്റു പോയെന്നും കേരളത്തിലെവിടെയും ഈ പുസ്തകത്തിന്റെ കോപ്പിയിപ്പോള്‍ ലഭ്യമല്ലെന്നും ചിന്ത പബ്ലിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോടായി പറഞ്ഞു.

തന്റെ ജീവിതസഖിയായ സുശീലയെ അവര്‍ക്ക് 14 വയസ്സ് പ്രായമുള്ളപ്പോള്‍ ആണ് എകെജി കണ്ടുമുട്ടുന്നത്. സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു എകെജിയപ്പോള്‍. പതിനാലുകാരിയായ പെണ്‍കുട്ടിയോട് തനിക്ക് തോന്നിയ പ്രണയവും അതിലെ ശരിതെറ്റുകളെക്കുറിച്ചുമെല്ലാം ആത്മകഥയില്‍ എകെജി വിശദീകരിക്കുന്നുണ്ട്. പിന്നീട് ഒന്‍പത് വര്‍ഷത്തിന് ശേഷം എകെജി സുശീലയെ വിവാഹം കഴിക്കുകയും ചെയ്തു. ബലറാമിന്റെ പരാമര്‍ശങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതോടെയാണ് എകെജി വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുന്നത്. ലോക്സഭയിലെ ആദ്യപ്രതിപക്ഷനേതാവ് കൂടിയായിരുന്ന എകെജിയുടെ ജീവിതമെന്തെന്നറിയാന്‍ കേരളത്തിനു പുറത്തുള്ളവരും താത്പര്യപ്പെടുന്നുവെന്നാണ് ചിന്തയുടെ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്.

”എന്റെ ജീവിതകഥയുടെ ഇംഗ്ലീഷ് പതിപ്പ് ആവശ്യപ്പെട്ട് പലരും ഈ ദിവസങ്ങളില്‍ ഞങ്ങളെ സമീപിക്കുകയുണ്ടായി. എന്തായാലും ആത്മകഥയുടെ പുതിയ പതിപ്പ് ഇറക്കുന്നതിനോടൊപ്പം തന്നെ ഇംഗ്ലീഷ് വിവര്‍ത്തനവും പ്രസിദ്ധീകരിക്കാനാണ് ഞങ്ങളുടെ തീരുമാനം. എകെജിയെ ഇതുവരെ വായിക്കാത്തവര്‍ പോലും അദ്ദേഹത്തെ ഇപ്പോള്‍ ആവേശത്തോടെ അറിയാന്‍ ശ്രമിക്കുന്നുണ്ട്. യുവസഖാക്കളടക്കം ഒരുപാട് പേര്‍ എന്റെ ജീവിതകഥ തേടി ചിന്തയുടെ സ്റ്റോറുകളില്‍ വരുന്നുണ്ട്. മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായി എകെജി വീണ്ടും വായിക്കപ്പെടുകയാണ്. അതിന്റെ പേരില്‍ വി.ടി.ബലാറാമിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്” ശിവകുമാര്‍ പറയുന്നു.

Related posts