തിരുവനന്തപുരം: എകെജി സെന്ററിന് നേരേ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ യഥാർഥ പ്രതിയെ പിടികൂടാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സ്കൂട്ടറിലെത്തിയ ആൾ എകെജി സെന്ററിന് നേരേ സ്ഫോടകവസ്തു വലിച്ചെറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും യഥാർഥ പ്രതിയെ പിടികൂടാൻ പോലീസിന് സാധിക്കാത്തത് ആഭ്യന്തരവകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
എകെജി സെന്ററിന് നേരേ ആക്രമണം നടത്തുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ആക്രമണത്തിന് പിന്നിൽ ഇയാൾക്ക് പങ്കുണ്ടെ ന്ന് സ്ഥിരികരിക്കുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല.
ഇതേ തുടർന്ന് യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
പോലീസിനെ കുഴയ്ക്കുന്നത്
എകെജി സെന്ററിന് നേരേ സ്ഫോടകവസ്തു എറിഞ്ഞ വാഹനത്തിന്റെ നന്പരോ അക്രമിയുടെ മുഖമോ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി തിരിച്ചറിയാനാകാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്.
സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും യഥാർഥ പ്രതിയെ പിടികൂടാൻ കഴിയാത്തത് പോലീസിന് നാണക്കേടായി മാറിയിട്ടുണ്ട്.
സംഭവം നടക്കുന്പോൾ എട്ട് പോലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാൽ അക്രമിയെ പിന്തുടരാൻ പോലീസ് ശ്രമിക്കാത്തതും വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
വഴിതിരിച്ചുവിടാൻ
എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജന്റെ തിരക്കഥയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചിരുന്നു.
ആക്രമണം നടന്ന് അഞ്ച് മിനിറ്റിനകം സംഭവത്തിന് പിന്നിൽ കോണ്‍ഗ്രസാണെന്ന് ഇ.പി. ആരോപിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്.
സ്വർണകടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയും കുടുംബവും ആരോപണം നേരിടുന്ന വിഷയം വഴിതിരിച്ച് വിടാൻ സിപിഎം നടത്തിയ നാടകമാണ് എകെജി സെന്ററിന് നേരേ നടന്ന ആക്രമണമെന്നാണ് പ്രതിപക്ഷം ഇപ്പോഴും ആരോപിക്കുന്നത്.