തിരുവനന്തപുരം: എകെജി സെന്ററിന് നേരേ സ്ഫോടകവസ്തു എറിഞ്ഞ സംഭവം നടന്നിട്ട് ആറ് ദിവസം പിന്നിട്ടു. പ്രതിയെക്കുറിച്ച് ഇതുവരെയും വ്യക്തത കിട്ടാതെ പോലീസ്.
അക്രമിയുടെ മുഖമോ സ്കൂട്ടറിന്റെ നന്പരോ കൃത്യമായി പോലീസിന് മനസിലാക്കാൻ ഇതുവരേയും സാധിച്ചിട്ടില്ല.
സംശയമുള്ള രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അവർക്ക് അക്രമത്തിൽ പങ്കില്ലെന്ന് ബോധ്യമായതോടെ പോലീസ് വിട്ടയച്ചു.
ആയിരത്തിലേറെ കോളുകളും 50 ലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും സ്ഫോടകവസ്തു എറിഞ്ഞയാളിലേക്കു നയിക്കുന്ന സൂചനകളൊന്നും ലഭിച്ചില്ല.
നാടകമെന്നു പ്രതിപക്ഷം
പ്രതിയെ പിടികൂടാൻ സാധിക്കാത്ത പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നുണ്ട്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണം ഉയർന്നതിനെ തുടർന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ സിപിഎം നടത്തിയ നാടകമാണ് എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവമെന്നാണ് കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചത്.
കഴിവുകേടെന്ന്
പോലീസ് കാവൽ ഉള്ള സ്ഥലത്തെത്തി ആക്രമണം നടത്തിയ ശേഷം അക്രമി രക്ഷപ്പെട്ടെങ്കിൽ പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും കഴിവുകേടാണു കാണിക്കുന്നത്.
സ്വന്തം പാർട്ടിയുടെ ആസ്ഥാന ഓഫീസിന് സംരക്ഷണം നൽകാൻ കഴിയാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്ഗ്രസ് ആരോപിച്ചു.
പാർട്ടി ഓഫീസിനു നേരെ എറിഞ്ഞ സ്ഫോടകവസ്തുവിന്റെ ഫോറൻസിക് റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഫോറൻസിക് ഡയറക്ടർക്ക് കത്ത് നൽകി.