തിരുവനന്തപുരം: ഇടതു മുന്നണി പ്രവേശനത്തിന് ജോസ് കെ.മാണി മുന്നോട്ട് വച്ച ആവശ്യങ്ങൾ ഇന്ന് കൂടുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയാകും.
ജോസ് കെ.മാണിയെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്നത്തെ യോഗത്തിനുശേഷം ഉണ്ടായേക്കും. മുന്നണി വിപുലീകരണം, പാലാ സീറ്റിന്റെ കാര്യത്തിൽ എൻസിപിയുടെയും ജോസ് വിഭാഗത്തിന്റെയും നിലപാടുകൾ എന്നിവയും യോഗത്തിൽ ചർച്ചയാകും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച നടക്കും. ജോസിന്റെ മുന്നണി പ്രവേശനത്തിനുശേഷം നിയമസഭാ സീറ്റിലുണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമായി ചർച്ച നടത്തും.
സിപിഐയും കേരള കോൺഗ്രസും തമ്മിൽ മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ച് ധാരണ ഉണ്ടാകേണ്ടതുണ്ട്. പ്രത്യേകിച്ച് കാഞ്ഞിരപ്പള്ളി അടക്കമുള്ള സീറ്റുകളിൽ. സിപിഎം – സിപിഐ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രധാന ചർച്ച ഇക്കാര്യമാകും.
23ന് ചേരുന്ന നിര്‍വാഹകസമിതി യോഗത്തിൽ ജോസ് കെ.മാണിയുടെ കാര്യത്തില്‍ സിപിഐ നിലപാട് പ്രഖ്യാപിക്കും. ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തിൽ സിപിഐക്ക് എതിർപ്പില്ല.
യുഡിഎഫിനെ തള്ളിപ്പറഞ്ഞ് എൽഡിഎഫാണ് ശരിയെന്ന് ജോസ് കെ.മാണി പറയുന്പോൾ തങ്ങൾ എന്തിന് എതിർക്കണമെന്നാണ് കഴിഞ്ഞ ദിവസം കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടത്.
ഇപ്പോൾ തിരുവനന്തപുരത്തുള്ള ജോസ് കെ. മാണി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റ് സിപിഎം നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ.മാണിയുടെ ഇടതു മുന്നണി പ്രവേശനം ഉണ്ടാകാനാണ് സാധ്യത. അതേസമയം ജോസ് കെ.മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിൻ രാജി വയ്ക്കണമെന്ന ആവശ്യവുമായി ഇടുക്കിയിലെ യുഡിഎഫ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.