പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ പത്താം ക്ലാസുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ കുട്ടികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നുള്ള പോലീസിന്റെ അപേക്ഷ പത്തനംതിട്ട ജുവനൈല്‍ കോടതി തള്ളി.
കുട്ടി കുറ്റവാളികളെ പൂട്ടാന്‍ പോലീസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ കൊല്ലം ജുവനൈല്‍ ഹോമില്‍ കഴിയുന്ന രണ്ട് കുറ്റവാളികളെയും അടിയന്തരമായി കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് നീക്കം നടത്തിയത്.
കൊലപാതകത്തിന് ശേഷം കൂട്ടുകാരനെ കുഴിച്ചിട്ട സ്ഥലത്തുനിന്നും കുറ്റാരോപിതരായ കുട്ടികളെകൊണ്ടുതന്നെയാണ് പോലീസ് മണ്ണുമാന്തി മൃതദേഹം പുറത്തെടുത്തത്.
ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ കൊടുമണ്‍ പോലീസിന് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം കുട്ടികളുടെ അഭിഭാഷകരായ പ്രശാന്ത് വി.കുറുപ്പും അരുണ്‍ ദാസും ആരോപിച്ചിരുന്നു.
സാധാരണ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കുറ്റവാളികളെ ചോദ്യം ചെയ്യുന്നതിനായി പോലീസിന് വിട്ടുകൊടുക്കുക പതിവാണ്.
എന്നാല്‍ കുട്ടി കുറ്റവാളികള്‍ എന്ന പരിഗണനയിലാണ് ഇപ്പോള്‍ കോടതി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്ന് അറിയുന്നു. ഈ ഘട്ടത്തില്‍ കുട്ടികളെ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കേണ്ടന്ന നിലപാടാണ് ജുവനൈല്‍ കോടതി ജഡ്ജി രശ്മി ചിറ്റൂര്‍ സ്വീകരിച്ചത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം ഇതാദ്യമായാണ് കോടതി ഒരു കേസ് പരിഗണിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. പ്രതികള്‍ക്കുവേണ്ടി പ്രശാന്ത് വി.കുറുപ്പും അരുണ്‍ദാസും കോടതിയില്‍ ഹാജരായി.