പത്തനംതിട്ട: കൊടുമണ് അങ്ങാടിക്കലില് പത്താംക്ലാസ് വിദ്യാര്ഥിയായ 16 കാരനെ സമപ്രായക്കാരായ കുട്ടികള് കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണച്ചുമതല ഡിഐജിക്ക്.
തിരുവനന്തപുരം റേഞ്ച് ഡിഐജി കോറി സഞ്ജയ് കുമാര് ഗരുഡിനാണ് അന്വേഷണ മേല്നോട്ടം. ഇതിന്റെ ഭാഗമായി ഇദ്ദേഹം ഇന്നലെ ജില്ലയില് സന്ദര്ശനം നടത്തി.
സംഭവസ്ഥലവും പരിസരവും സൂക്ഷ്മമായി പരിശോധിക്കുകയും സംഭവം കണ്ടവരെ നേരിട്ടുകണ്ട് സംസാരിക്കുകയും ചെയ്തു. തുടര്ന്ന് മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥരും അന്വേഷണസംഘവുമായും ചര്ച്ച നടത്തി.
അന്വേഷണ പുരോഗതി വിലയിരുത്തിയ ഡിഐജി അന്വേഷണസംഘത്തിന് നിര്ദേശങ്ങള് നല്കി. അന്വേഷണം സംബന്ധിച്ച കേസ്ഡയറി പരിശോധിച്ച ഡിഐജി ഇതുവരെയുള്ള അന്വേഷണത്തില് തൃപ്തി രേഖപ്പെടുത്തി.
ഡിഐജിയോടൊപ്പം ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്, ജില്ലാ സ്പെഷല് ബ്രാഞ്ച് ഡിവൈഎസ്പി ആര്.ജോസ്, അടൂര് ഡിവൈഎസ്പി ജവഹര് ജനാര്ദ്, കൊടുമണ് പോലീസ് ഇന്സ്പെക്ടര് തുടങ്ങിയവരും ഉണ്ടായിരുന്നു.
കൊലപാതക രീതിയും മൃതദേഹം മറവു ചെയ്യാന് കാട്ടിയ ശൈലിയുമൊക്കെയാണ് ഉന്നത ഉദ്യോഗസ്ഥ മേല്നോട്ടത്തില് അന്വേഷണം നടത്താന് പോലീസിനെ പ്രേരിപ്പിച്ചത്. സംഭവത്തിനു പിന്നില് കുട്ടികള് മാത്രമേയുള്ളൂവെന്നും ഇവരിലുണ്ടായ വൈരാഗ്യമാണ് ഇത്തരത്തിലേക്ക് സംഭവം നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
എന്നാല് ഇത്തരമൊരു ശൈലി കുട്ടികള് സായത്തമാക്കിയത് പോലീസിനെ പോലും ഞെട്ടിച്ചു. സിനിമകളിലും മറ്റും കാണുന്ന മാതൃകയാണ് ഇവര് കൊലപാതകം നടത്താന് തെരഞ്ഞെടുത്തത്. മുന്കൂട്ടി തയാറാക്കിയുള്ള പദ്ധതി പ്രകാരമായിരുന്നില്ല കൊലപാതകമെന്നതാണ് പോലീസിന്റെ നിഗമനം.
ഇതേക്കുറിച്ചും വിശദമായ അന്വേഷണം നടക്കും. പ്രതി ചേര്ക്കപ്പെട്ട കുട്ടികള് ഇപ്പോള് കൊല്ലം ജുവനൈല് ഹോമിലാണ്. പ്രായപൂര്ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മൃതദേഹം മാന്തി എടുത്തതും ഇത് വീഡിയോയില് ചിത്രീകരിച്ചതുമെല്ലാം കേസായി മാറിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പോലീസിനെതിരെ രൂക്ഷമായ വിമര്ശനമാണ് ബാലാവകാശ കമ്മീഷന് നടത്തിയത്. ജില്ലാ പോലീസ് മേധാവിയില് നിന്നടക്കം ഇതിന് വിശദീകരണം തേടിയിരുന്നു.
എന്നാല് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില് ഇതേവരെ എഫ്ഐആര് തയാറാക്കി കേസെടുക്കാന് പോലീസ് തയാറായിട്ടില്ലെന്നും ആരോപണമുണ്ട്.