കാട്ടാക്കട : മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ച് മടങ്ങിയ അഖിലിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇനിയും വിട്ടുണരാത്ത ഗീതുവിനോടും ബന്ധുക്കളോടും ഒപ്പം തേങ്ങലിലാണ് ആനാകോട് ഗ്രാമം.
പൂവച്ചൽ കുഴയ്ക്കാട് കല്ലണമുഖം ശിവശൈലത്തിൽ സുദർശനൻ – സതി കുമാരി ദമ്പതികളുടെ മകൻ നായിക് എസ്.എസ്.അഖിൽ (നഴ്സിംഗ് അസിസ്റ്റന്റ് ) കാഷ്മീരിലെ സിയാച്ചിൻ മേഖലയിലാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് മരണവിവരം ബന്ധുക്കൾ അറിയുന്നത്. അതിർത്തിയിൽ ജോലി നോക്കുന്നതിനിടെ ഇരുനൂറു മീറ്റർ വേഗതയിൽ കാറ്റ് വീശി അടിച്ചതിനെ തുടർന്ന് മഞ്ഞുമല ഇടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്.
പതിനൊന്നു വർഷമായി ജോലിയിൽ പ്രവേശിച്ചിട്ട്. അവധിക്കു നാട്ടിൽ വന്ന അഖിൽ മകൻ ദേവരഥിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനു ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് ജോലിയിൽ പ്രവേശിപ്പിച്ചത്. കാർഷിക കുടുംബത്തിൽപ്പെട്ട അഖിൽ നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സാമുഹ്യരംഗത്തും സംസ്ക്കാരിക രംഗത്തും നിറ സാന്നിധ്യമായിരുന്നു അഖിൽ.ഇന്ന് മ്യതദേഹം നാട്ടിലെത്തും.