വൈക്കം: പരിക്കേറ്റ് റോഡിൽ കിടന്നവർ രക്ഷിക്കാനെത്തിയ പോലീസുകാരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസി ൽ രണ്ടുപേർ അറസ്റ്റിൽ.
ചെമ്മനത്തുകര സ്വദേശി അഖിൽ, വൈക്കം തോട്ടുവക്കം സ്വദേശി അമൽ ബാബു എന്നിവരാണ് അറസ്റ്റിലായത്. വൈക്കം വലിയ കവലയ്ക്കു സമീപത്തെ ലിങ്കു റോഡിൽ തിങ്കളാഴ്ച വൈകുന്നേരം 6.45നാണ് സംഭവം.
മദ്യലഹരിയിൽ യുവാക്കൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ ബൈക്ക് മറിഞ്ഞു റോഡിൽ വീണു. ഈ സമയം ഇതു വഴി പോലീസ് ജീപ്പ് എത്തി.
വീടാക്രമണകേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം തിരികെ വരികയായിരുന്നു പോലീസ് സംഘം. വഴിയിൽ വീണു കിടക്കുന്നവരെ കണ്ടതോടെ പോലീസുകാർ ജീപ്പിൽ നിന്നിറങ്ങി യുവാക്കളെ പിടിച്ചെഴുന്നേൽപ്പിച്ചു.
ഈ സമയം യുവാക്കൾ പോലീസുകാരെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. മർദനത്തിൽ പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടുകയും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഇന്നലെയാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.