തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐയെ കുരുക്കിലാക്കി കുത്തേറ്റ വിദ്യാർഥിയുടെ മൊഴി. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണു തന്നെ കുത്തിയതെന്ന് ചികിത്സയിൽ കഴിയുന്ന അഖിൽ മൊഴി നൽകി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് അഖിൽ ഇക്കാര്യങ്ങൾ ഡോക്ടറിനോടു പറഞ്ഞത്.
യൂണിറ്റ് സെക്രട്ടറിയായ നസീം തന്നെ പിടിച്ചുനിർത്തിയെന്നും അക്രമിസംഘത്തിൽ ഇരുപതിലേറെ എസ്എഫ്ഐക്കാർ ഉണ്ടായിരുന്നെന്നും അഖിലിന്റെ മൊഴിയിൽ പറയുന്നു. അഖിലിന്റെ മൊഴി അടങ്ങിയ റിപ്പോർട്ട് ഡോക്ടർ പോലീസിനു കൈമാറി. വിശദ മൊഴിയെടുക്കാൻ പോലീസ് ഡോക്ടർമാരുടെ അനുമതി തേടിയിട്ടുണ്ട്. ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടാൽ മാത്രമേ മൊഴിയെടുക്കാൻ ഡോക്ടർമാർ അനുമതി നൽകു.
യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം ആസൂത്രിതമെന്നാണ് പോലീസിന്റെ എഫ്ഐആർ. കുത്തേറ്റ വിദ്യാർഥിയെ ഉൾപ്പെടെ പ്രകോപിപ്പിച്ച് സംഘർഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിർദേശം പ്രവർത്തകനായ അഖിൽ അനുസരിച്ചില്ല. ഇതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമായത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് കൊലവിളിയോടെയാണ് അഖിലിനെ കുത്തിയതെന്നും എഫ്ഐആർ വ്യക്തമാക്കുന്നു.
മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി അഖിലിനെയാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ സംഘം ചേർന്നു മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്. സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം അടക്കം ഏഴു പേർക്കെതിരേ പോലീസ് വധശ്രമത്തിനു കേസെടുത്തു. ഏഴു പേരും ഒളിവിലാണ്. നേരത്തെ പാളയത്തു ഗതാഗത നിയമം ലംഘിക്കുന്നതു തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയാണു നസീം.